ഷാരോൺ വധക്കേസ്: ചാറ്റുകളിലൂടെ വശീകരിച്ച് ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തി, കൊന്നു
തിരുവനന്തപുരം∙ പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പൊലീസ് സമർപ്പിച്ച 62 പേജുകളുള്ള കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാൻ പല കള്ളങ്ങള്‍ പറഞ്ഞിട്ടും ഷാരോൺ പിന്മാറാതിരുന്നതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഡോളോ ഗുളിക കലർത്തിയ ജൂസ് നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഏറെ നാളത്തെ ആസൂത്രണത്തിനുശേഷമാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്. കൊലപാതകത്തിന്റെ വിവിധ രീതികൾ ഗൂഗൂളിൽ സെർച്ച് ചെയ്തു. ഒടുവിൽ കഷായത്തിൽ കളനാശിനി കലർത്താൻ തീരുമാനിച്ചു. 2022 ഒക്ടോബർ 14ന് വശീകരിക്കുന്ന രീതിയിൽ ചാറ്റ് ചെയ്ത ശേഷം ലൈംഗികബന്ധത്തിനായി ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഈ വാട്‌സാപ് ചാറ്റിന്റെ തെളിവുകൾ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഷാരോണ്‍ വീട്ടിലേക്കു വരുന്നതിനു മുന്‍പ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിവച്ചു. അസുഖം മാറാനായി താൻ കഷായം കുടിക്കുന്നുണ്ടെന്ന് ഗ്രീഷ്മ നേരത്തെ ഷാരോണിനോട് പറഞ്ഞിരുന്നു. കഷായത്തിനു നല്ല കയ്പ്പാണെന്നും അതറിയണമെങ്കിൽ അൽപം കുടിച്ചു നോക്കാനും ഗ്രീഷ്മ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു ഗ്ലാസ് കഷായം ഷാരോണിനെകൊണ്ട് കുടിപ്പിച്ചു. കഷായം കുടിച്ച ഉടനെ ഷാരോൺ ഛർദിച്ചു. കഷായത്തിന്റെ കയ്പ്പു കാരണമാണ് ഛർദിച്ചതെന്നും താനും ഛർദിച്ചിട്ടുണ്ടെന്നും ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞു. വീടിനു പുറത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായാണ് പുറത്തു കാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. സുഹൃത്താണ് ഷാരോണിനെ വീട്ടിലെത്തിച്ചത്.
ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് കഷായം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് കുടുംബം ഗ്രീഷ്മയ്‌ക്കെതിരെ രംഗത്തെത്തിയത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്തതോടെ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാംപ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര സെഷൻസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അമ്മയോടും അമ്മാവനോടും ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ പറഞ്ഞിരുന്നു. കൊലപാതകത്തിൽ പങ്കില്ലെങ്കിലും തെളിവുകൾ നശിപ്പിക്കാന്‍ ഇരുവരും സഹായിച്ചു. പ്രണയത്തിന്റെ മറവിലെ ചതിയറിയാതെ ഷാരോണ്‍ മരണത്തിനു കീഴടങ്ങിയിട്ട് 93–ാം ദിവസവും, ഗ്രീഷ്മ ജയിലിലെത്തിയിട്ട് 85–ാം ദിവസവുമായപ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചു.
കേസിൽ വഴിത്തിരിവായത് പെൺകുട്ടിയുടെ സ്വഭാവത്തിൽ ഷാരോൺ രാജിന്റെ കുടുംബത്തിനു തോന്നിയ സംശയവും ശാസ്ത്രീയ തെളിവുകളുമാണ്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനു ശേഷമാണ് ഗ്രീഷ്മയുടെ സ്വഭാവത്തിൽ മാറ്റം വന്നത്. തന്റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. അതിൽ വിശ്വാസമില്ലെന്നു പറഞ്ഞ ഷാരോൺ ബന്ധത്തിൽനിന്നു പിൻമാറാൻ തയാറായില്ല. ഇതേ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. ഒരു തവണ ജ്യൂസ് ചാലഞ്ച് എന്ന പേരിൽ ഡോളോ ഗുളിക കലര്‍ത്തിയ ജൂസ് നൽകിയെങ്കിലും കയ്പ്പു കാരണം ഷാരോൺ തുപ്പികളഞ്ഞു. പിന്നീടാണ് അമ്മാവൻ കൃഷിക്ക് ഉപയോഗിച്ചിരുന്ന കളനാശിനി കഷായത്തിൽ കലർത്താൻ തീരുമാനിച്ചത്. ഗ്രീഷ്മയുടെ മൊഴിയിലെ വൈരുദ്ധ്യവും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ നൽകിയ വിവരങ്ങളും കേസിൽ നിർണായകമായി.
വീട്ടിലെത്തിയ ഓട്ടോ ഡ്രൈവർക്കും ജൂസ് നൽകിയതായും കുടിച്ചശേഷം ഡ്രൈവർക്കും ഛർദിലുണ്ടായതായും ഗ്രീഷ്മ ഷാരോണിനോടും കുടുംബത്തിനോടും പറഞ്ഞിരുന്നു. കാരണക്കോണം സ്വദേശിയായ ഡ്രൈവറെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇതെല്ലാം കളവാണെന്നു ബോധ്യമായി. ചേച്ചിയുടെ സുഹൃത്തായ ഡോക്ടറാണ് കഷായം എഴുതി നൽകിയതെന്നു ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. കഷായം കുപ്പിയിൽ ഒഴിച്ചാണ് നൽകിയതെന്നും പറഞ്ഞിരുന്നു. അന്വേഷണത്തിൽ ഡോക്ടർ ഇക്കാര്യം നിഷേധിച്ചു. ഒന്നരവർഷംമുൻപ് ഡോക്ടർ പാറശാലയിൽനിന്ന് സ്ഥലംമാറി പോയിരുന്നു. ഗൂഗിളിൽ വിഷത്തിനായി സെര്‍ച്ച് ചെയ്ത വിവരങ്ങടക്കം പൊലീസ് ഗ്രീഷ്മയെ കാണിച്ചതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.