മലപ്പുറത്ത്  ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

മലപ്പുറത്ത് ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

January 31, 2023 0 By Editor

മലപ്പുറം: ഏജന്റു വഴി 50,000 രൂപ കൈക്കൂലി വാങ്ങിയ സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിൽ അന്വേഷണത്തിലിരിക്കുന്ന വഞ്ചനാ കേസിലെ പ്രതിയിൽ നിന്നും കൈമലി വാങ്ങവേയാണ് പൊലീസ് സബ് ഇൻസ്പെക്ടറായ സുഹൈലിനെയും ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനേയും ഇന്ന് വിജിലൻസ് പിടികൂടിയത്.

2017-ൽ മലപ്പുറം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലെ പ്രതിയായ പരാതിക്കാരന് 2019-ൽ ഹൈക്കോടതി വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കോവിഡ് കാരണം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കഴിയാതിരുന്ന പരാതിക്കാരൻ വ്യവസ്ഥകൾ ലഘൂകരിച്ച് നൽകാൻ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഈ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കവേ മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പതിക്കാരനെ ബാംഗ്ലൂരിൽനിന്ന് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയിൽ ഹാജരാക്കി.

ഈ കേസിൽ കോടതി ഉടൻ ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരനെതിരെ വേറെയും വാറണ്ടുകൾ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ സഹായിക്കാമെന്നും ഐ-ഫോൺ 14 വാങ്ങി നൽകണമെന്നും ഇൻസ്പെക്ടർ സുഹൈൽ ആവശ്യപ്പെട്ടു. അതനുസരിച്ച് ജനുവരി രണ്ടിന് പരാതിക്കാരൻ ഒരു കറുത്ത ഐ-ഫോൺ 14 വാങ്ങി സബ് ഇൻസ്പെക്ടർ നിർദേശിച്ച പ്രകാരം ഏജന്റായ മുഹമ്മദ് ബഷീറിനെ ഏൽപിച്ചു.

എന്നാൽ, കറുത്ത ഫോൺ വേണ്ടെന്നും നീല നിറത്തിലുള്ള ഐ-ഫോൺ 14, 256 ജി.ബി തന്നെ വേണമെന്നും കേസ് മയപ്പെടുത്തുന്നതിന് 3.5 ലക്ഷം രൂപ കൂടി കൈക്കൂലിയായി വേണമെന്നും സബ് ഇൻസ്പെക്ടർ ആവശ്യപ്പെട്ടു. 3.5 ലക്ഷം രൂപ ഉടനടി നൽകാൻ സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടെന്നും നീല നിറത്തിലുള്ള ഐ-ഫോൺ 14 256 ജിബി എത്രയും വേഗം വാങ്ങിക്കൊടുക്കണമെന്നും പണം നൽകാൻ കുറച്ച് സാവകാശം വേണമെന്നും പരാതിക്കാരൻ അറിയിച്ചു.

തുടർന്ന് ആദ്യം വാങ്ങി നൽകിയ കറുത്ത ഫോൺ മുഹമ്മദ് ബഷീർ വഴി സബ് ഇൻസ്പെക്ടർ 2023 ജനുവരി നാലിന് പരാതിക്കാരന് തിരികെ നൽകി. പണം നൽകിയില്ലെങ്കിൽ പരാതിക്കാരൻ പ്രതിയായ കേസിൽ ഇടപെട്ട് കൂടുതൽ പ്രയാസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ പരാതിക്കാരൻ വിജിലൻസ് ആസ്ഥാനത്തെത്തി ഡയറക്ടർ മനോജ് എബ്രഹാമിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. വിജിലൻസ് ഡയറക്ടർ സബ് ഇൻസ്പെക്ടറെ ട്രാപിൽ പെടുത്തുന്നതിനുള്ള നടപടികൾക്കായി വിജിലൻസ് വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ ചുമതലപ്പെടുത്തി.

വിജിലൻസ് സംഘം ഇക്കഴിഞ്ഞ 24 ന് നീല നിറത്തിലുള്ള ഐ ഫോൺ 14 256 ജി.ബി പരാതിക്കാരൻ വാങ്ങി സബ് ഇൻസ്പെക്ടർ സുഹൈൽ നിർദേശിച്ച പ്രകാരം ഇരിങ്ങാലക്കുടയിലുള്ള ഏജന്റ് ഹാഷിമിന്റെ കൈയിൽ കൊടുത്തയച്ചു. തുടർന്ന് സുഹൈൽ നിരന്തരം പരാതിക്കാരനോട് കൈക്കൂലി പണം ആവശ്യപ്പെടുകയും പരാതിക്കാരന്റെ സാമ്പത്തികാവസ്ഥ മനസിലാക്കി തുക തവണകളായി നൽകിയാൽ മതിയെന്ന് അറിയിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ ആദ്യ ഗഡുവായി 50,000 രൂപ സബ് ഇൻസ്പെക്ടർ സുഹൈലിന്റെ ആവശ്യ പ്രകാരം മുഹമ്മദ് ബഷീറിന്റെ പക്കൽ ഏൽപിക്കവേ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഹമ്മദ് ബഷീറിനേയും തുടർന്ന് സുഹൈലിനേയും വിജിലൻസ് കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.