കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

March 29, 2023 0 By Editor

ന്യുഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനം ഇന്നുണ്ടാകും. രാവിലെ 11.30ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ പ്ലീനറി ഹാളിലാണ് വാര്‍ത്താസമ്മേളനം.

224 അംഗ നിയമസഭയാണ് കര്‍ണാടകയിലേത്. നിലവില്‍ ബിജെപി ഭരിക്കുന്ന ഇവിടെ പാര്‍ട്ടിക്ക് 119 അംഗങ്ങളുടെ പിന്‍ബലമുണ്ട്. കോണ്‍ഗ്രസിന് 75 എംഎല്‍എമാരും ജെഡിഎസിന് 28 അംഗങ്ങളുമാണുള്ളത്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര ദേശീയപാതകള്‍ അടക്കം നിരവധി വികസന പദ്ധതികള്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചുകഴിഞ്ഞു. ദക്ഷിന്ത്യേയിലേക്കുള്ള ബിജെപിയുടെ കവാടമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ണാടകയെ വിശേഷിപ്പിക്കുന്നത്. നിരവധി തവണ അദ്ദേഹം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാരാകട്ടെ, മുസ്ലീം സമുദായത്തിന്റെ നാല് ശതമാനം ഒബിസി സംവരണം എടുത്തുമാറ്റി അത് വൊക്കലിംഗ, ലിങ്കായത്ത് സമുദായങ്ങള്‍ക്ക് വീതിച്ചും നല്‍കി. കന്നഡ ഭാഷയുടെ പ്രോത്സാഹനത്തിന് വേണ്ടി കന്നഡ ഭാഷ സമഗ്ര വികസന ബില്ലും കൊണ്ടുവന്നു.