Begin typing your search above and press return to search.
93 പവനും പണവും വാങ്ങി വഞ്ചിച്ചെന്ന കേസ്; വനിതാ എ.എസ്.ഐ. അറസ്റ്റില്‍
ഒറ്റപ്പാലം: സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസില്‍ വനിതാ എ.എസ്.ഐ. അറസ്റ്റില്‍. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്.
സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ ആഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്ന കേസുകളിലാണ് ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത് ഇവരെ അറസ്റ്റുചെയ്തത്. ഇവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡുചെയ്തതായും പോലീസ് അറിയിച്ചു.
2017-ലാണ് ആദ്യപരാതിക്കടിസ്ഥാനമായ സംഭവം. 93 പവന്‍ തന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞ് മൂന്നുലക്ഷം രൂപ ലാഭവും ഈ സ്വര്‍ണാഭരണങ്ങളും തിരിച്ചുതരാമെന്നുപറഞ്ഞ് വഞ്ചിച്ചതായാണ് പരാതി.
ഒറ്റപ്പാലത്തുവെച്ചാണ് ആഭരണം കൈമാറിയത്. പിന്നീട് മൂന്നുഘട്ടമായി ഒന്നരലക്ഷം രൂപയും വാങ്ങി. പണവും ആഭരണവും കിട്ടാതായതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. രണ്ടുവര്‍ഷംമുമ്പാണ് ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപ വാങ്ങിയത്. വഞ്ചനക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ആര്യശ്രീയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തതായും പോലീസ് അറിയിച്ചു.
Next Story