സുധാകരന്‍റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം; റോഡ് ഉപരോധിച്ചു, ;'ഒരു തെളിവും പൊലീസിന്റെ കൈയിൽ ഇല്ലെന്ന് സുധാകരൻ

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ കൊച്ചിയിൽ എംജി റോഡ് ഉപരോധിച്ചു. പറവൂരില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. കളമശേരിയിലും റോഡ് ഉപരോധിച്ചു.

കോഴിക്കോട് കമ്മിഷണര്‍ ഒാഫിസിനു മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. വടകര, മുക്കം, കാരശേരി, പേരാമ്പ്ര മേഖലകളിലും പ്രതിഷേധമുണ്ടായി. കണ്ണൂരിലും റോഡ് ഉപരോധിച്ചു. കൊല്ലം ചവറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മലപ്പുറം ചങ്ങരംകുളത്ത് ദേശീയപാത ഉപരോധിച്ചു.

കേസിന്റെ മെറിറ്റും ഡീ മെറിറ്റുമൊക്കെ കോടതി വിലയിരുത്തട്ടെയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'കേസ് നടക്കട്ടെ. ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഞാൻ ഉൾക്കൊള്ളാൻ തയ്യാറാണ്. എവിടെയും ഒളിക്കില്ല. നല്ല ആത്മവിശ്വാസവുമുണ്ട്.'

'എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ല. ചോദ്യം ചെയ്യലിനു ശേഷമാണ് അക്കാര്യം മനസിലായത്. ഏത് പ്രതിസന്ധിയേയും നേരിടും. ആശങ്കയും ഭയപ്പാടുമില്ല'- സുധാകരൻ വ്യക്തമാക്കി.

മോൻസനെ തള്ളാത്തത് സംബന്ധിച്ചുള്ള ചോദ്യത്തിനു സുധാകരൻ മറുചോദ്യമുന്നയിച്ചു- 'മോൻസന് ആജീവനാന്ത ശിക്ഷ ലഭിച്ചു. ഇനി അയാൾക്കെതിരെ എന്താണ് ഞാൻ ചെയ്യേണ്ടത്'- സുധാകരൻ ചോദിച്ചു.

കേസിൽ രണ്ടാം പ്രതിയായ സുധാകരനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ആറര മണിക്കൂറിനു മുകളിൽ സമയം ചോദ്യം ചെയ്യൽ നീണ്ടു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. ഇന്ന് രാവിലെ 11 മണി മുതലാണ് തട്ടിപ്പു കേസിൽ പ്രതിയായ സുധാകരനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story