യുദ്ധം അഞ്ചാം ദിവസം: ​ യുഎസ് പോർവിമാനങ്ങൾ ഇസ്രയേലിൽ; ഹമാസ് ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൊല്ലപ്പെട്ടു; ആശുപത്രികൾ നിറഞ്ഞു

 ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. യുദ്ധത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1900 കടന്നു. 1000ൽ അധികം പേരാണ് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍…

ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. യുദ്ധത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1900 കടന്നു. 1000ൽ അധികം പേരാണ് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ എണ്ണം 900 കടന്നു. ഇതില്‍ 260 കുട്ടികളും 230 സ്ത്രീകളും ഉള്‍പ്പെടുന്നു. 4600 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

അതിനിടെ ഹമാസ് നുഴഞ്ഞു കയറ്റം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്തെത്തി. ഗാസയില്‍ നിന്ന് കൂടുതല്‍ ഹമാസ് രാജ്യത്തേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ നഗരമായ അഷ്‌കലോണില്‍ പോരാട്ടം കടുക്കുമെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജനങ്ങളോട് മാറാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു.

ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടു. ഖാന്‍ യുനിസിലെ ആക്രമണത്തില്‍ ഹമാസ് ധനമന്ത്രി ജവാദ് അബു ഷമല ഉള്‍പ്പെടെ 2 മുതിര്‍ന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായാണ് ഇസ്രയേലിന്റെ അവകാശവാദം. ആഭ്യന്തര ചുമതലയുള്ള സഖരിയ അബു മാമറാണ് കൊല്ലപ്പെട്ട മറ്റൊരു പ്രമുഖന്‍.

യുദ്ധത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസ് ആക്രമണത്തിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉണ്ടെന്ന് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച്ച ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം, ബന്ദികളെ മോചിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഇസ്രയേലിന്റെ ‘അയേൺ ഡോമിന്റെ’ തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും അമേരിക്ക നൽകും. യുഎസിൽ നിന്ന് ആയുധങ്ങളുമായി യുദ്ധവിമാനം ഇസ്രയേലിൽ എത്തി. യുഎസ് പടക്കപ്പൽ മെഡിറ്ററേനിയൻ കടലിലാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story