
വയറ്റിൽ കത്രിക മറന്നുവച്ച കേസ്; ആരോഗ്യ പ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി
October 28, 2023കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കത്രിക മറന്നുവച്ച കേസിൽ നാല് ആരോഗ്യ പ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി പൊലീസ്. ഹർഷിനയുടെ കേസിൽ സിറ്റി പൊലീസ് കമ്മീഷണർ, ഡിജിപിക്കാണ് പ്രോസിക്യൂട്ട് ചെയ്യാൻ അപേക്ഷ നൽകിയത്.
മെഡിക്കൽ കോളജ് എസിപിയുടെ പുതിയ അപേക്ഷയാണ് പൊലീസ് മേധാവിക്ക് കൈമാറിയത്. ഡിജിപി അപേക്ഷ സർക്കാരിനു കൈമാറും.
ഡോക്ടർമാരായ രമേശൻ, ഷഹന, സ്റ്റാഫ് നേഴ്സുമാരായ രഹന, മഞ്ജു എന്നിവരാണ് പ്രതി സ്ഥാനത്ത്. ഇവരെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനം എടുക്കുക.
നേരത്തെ എട്ട് മാറ്റങ്ങൾ നിർദ്ദേശിച്ച് കമ്മീഷണർ അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി സുദർശനു തിരിച്ചയച്ചിരുന്നു. ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പുതിയ അപേക്ഷ ഡിജിപിക്ക് കൈമാറിയത്.