എസ്‌ഡിപിഐ നടത്തുന്നത് താലിബാന്‍ മോഡല്‍ ആക്രമണം; സി.പി.ഐ (എം)

July 3, 2018 0 By Editor

തിരുവനന്തപുരം: എറണാകുളം മഹാരാജാസ്‌ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ നിഷ്‌ഠൂരമായാണ്‌ എസ്‌ഡിപിഐക്കാര്‍ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തിയത്‌. പാര്‍ടി പ്രവര്‍ത്തകരായ 9 പേരെയാണ്‌ ഇതിനകം ഇവര്‍ കൊലപ്പെടുത്തിയത്‌. താലിബാന്‍ മോഡല്‍ ആക്രമണമാണ്‌ എസ്‌ഡിപിഐ നടത്തുന്നതെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ പറഞ്ഞു.

ഇതിന്റെ തുടര്‍ച്ചയായി ആലപ്പുഴയിലും കൊട്ടാരക്കരയിലും നടന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ വ്യാപിപ്പിക്കാനാണ്‌ എസ്‌ഡിപിഐ ശ്രമം നടത്തിയത്‌. തൊടുപുഴ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയെടുത്ത സംഭവം കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു.ഭൂരിപക്ഷ വര്‍ഗ്ഗീയതയെ നേരിടാന്‍ സംഘടിക്കണമെന്ന ചിന്ത വളര്‍ത്തി വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണ്‌ എസ്‌ഡിപിഐ ശ്രമിക്കുന്നത്‌. ആര്‍എസ്‌എസും ഇതേ രൂപത്തിലുള്ള പ്രവര്‍ത്തനമാണ്‌ സംഘടിപ്പിക്കുന്നത്‌. ഒരു നാണയത്തിന്റെ ഇരുവശമാണ്‌ രണ്ട്‌ കൂട്ടരും. എസ്‌ഡിപിഐയുടെ ഇത്തരം പ്രവര്‍ത്തനം സംഘപരിവാര്‍ ശക്തികളെ ശക്തിപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ എന്നും സിപിഎം വ്യക്തമാക്കി.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത്‌ കലാപം സൃഷ്‌ടിക്കാനുള്ള എസ്‌ഡിപിഐയുടെ ശ്രമങ്ങളെ തുറന്നു കാണിക്കാനും, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ വര്‍ഗ്ഗീയതയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ജൂലൈ 10ന്‌ വൈകിട്ട്‌ 4 മുതല്‍ 7 വരെ ഏരിയാ കേന്ദ്രങ്ങളില്‍ ജനകീയ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു.