ധൂം, ധൂം 2 ചിത്രങ്ങളുടെ സംവിധായകൻ സഞ്ജയ് ​ഗധ്വി അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ​ഗധ്വി (56) അന്തരിച്ചു. അമ്പത്തിയേഴാം പിറന്നാളിന് മൂന്നുദിവസം മാത്രം ശേഷിക്കേയായിരുന്നു അന്ത്യം. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂം…

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ​ഗധ്വി (56) അന്തരിച്ചു. അമ്പത്തിയേഴാം പിറന്നാളിന് മൂന്നുദിവസം മാത്രം ശേഷിക്കേയായിരുന്നു അന്ത്യം. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂം 2 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് സഞ്ജയ് ആയിരുന്നു. മരണവിവരം മകൾ സഞ്ജിന ​ഗധ് വി സ്ഥിരീകരിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സഞ്ജയ് ​ഗധ്വിയുടെ മരണമെന്ന് മകൾ പ്രതികരിച്ചു. ഹൃദയാ​ഘാതമായിരിക്കാം മരണകാരണമെന്നാണ് കരുതുന്നത്. പൂർണ ആരോ​ഗ്യവാനായിരുന്നു പിതാവെന്നും സഞ്ജിന പറഞ്ഞു. ജീനയാണ് ഭാര്യ. സഞ്ജിനിയെക്കൂടാതെ മറ്റൊരു മകൾകൂടിയുണ്ട്.

2000-ൽ പുറത്തിറങ്ങിയ തേരേ ലിയേ എന്ന ചിത്രമായിരുന്നു അ​ദ്ദേഹത്തിന്റെ കന്നി സംവിധാന സംരംഭം. പുതുമുഖങ്ങൾ മുഖ്യവേഷത്തിലെത്തിയ ചിത്രം അത്ര വലിയ വിജയമായില്ല. 2002-ൽ മേരേ യാർ കി ഷാദി ഹേ എന്ന ചിത്രം സംവിധാനം ചെയ്തു. ഉദയ് ചോപ്ര, ബിപാഷ ബസു, തുലീപ് ജോഷി, ജിമ്മി ഷെർ​ഗിൽ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. യഷ് രാജ് നിർമിച്ച ചിത്രം ഈ നിർമാണക്കമ്പനിയുടെ മറ്റുചിത്രങ്ങൾ പോലെ വിജയം നേടിയില്ല.തുടർന്നാണ് 2004-ൽ ഇന്ത്യൻ സിനിമയെത്തന്നെ ഇളക്കിമറിച്ച ധൂം വരുന്നത്. അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്സോഫീസ് റെക്കോർഡുകൾ തകർത്തു. 2006-ൽ പുറത്തിറങ്ങിയ ധൂം-2- ആദ്യ ഭാ​ഗത്തേക്കാൾ ഹിറ്റായി. അഭിഷേക് ബച്ചനും ഉദയ് ചോപ്രയ്ക്കുമൊപ്പം ഹൃത്വിക് റോഷനും ഐശ്വര്യാ റായിയും മുഖ്യവേഷങ്ങളിലെത്തി. കിഡ്നാപ്, അജബ് ​ഗസബ് എന്നി ചിത്രങ്ങളും പിന്നീടദ്ദേഹം സംവിധാനം ചെയ്തു. 2012-ലിറങ്ങിയ അജബ് ​ഗസബിനുശേഷം സിനിമയിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.
2020-ൽ ഓപ്പറേഷൻ പരീന്ദേ എന്നൊരു ചിത്രം സംവിധാനം ചെയ്ത് തിരിച്ചുവന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ അവസാനചിത്രവും.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story