‘നടൻ വിനോദ് തോമസ് കാറിൽ മരിച്ചത് വിഷവാതകം ശ്വസിച്ച്’; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
പാമ്പാടി (കോട്ടയം) ∙ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിനിമാതാരം വിനോദ് തോമസിന്റെ മരണകാരണം വിഷവാതകം ശ്വസിച്ചെന്ന് സ്‌ഥിരീകരണം.കാർബൺ മോണോക്സൈഡ് ഉള്ളിൽചെന്നാണ് മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് പാമ്പാടി കാളച്ചന്തയിലെ സ്വകാര്യ ബാറിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലാണ് കാറിനുള്ളിൽ മീനടം കുറിയന്നൂർ പരേതരായ തങ്കച്ചൻ–കുഞ്ഞമ്മ ദമ്പതികളുടെ മകൻ വിനോദ് തോമസിന്റെ (47) മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കാർബൺ മോണോക്സൈഡ് അമിതമായി ശ്വസിച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്.
മരണത്തിൽ പാമ്പാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം മോട്ടർ വാഹനവകുപ്പ് കാർ പരിശോധിക്കും. ഇതിനുശേഷമാകും പൊലീസ് അന്വേഷണം വിപുലീകരിക്കുക. ശനിയാഴ്ചയാണ് ബാറിനു പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിൽ വിനോദ് കയറി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ കാറിന്റെ സമീപമെത്തി പരിശോധിച്ചത്.
തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പാമ്പാടി എസ്എച്ച്ഒ സുവർണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 16 സിനിമകളിലും 20 ഷോർട് ഫിലിമുകളിലും നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്.