മിഷന്‍ ബേലൂര്‍ മഖ്‌ന പുനരാരംഭിച്ചു; ഇന്നലത്തെ പ്രദേശത്തുതന്നെ കാട്ടാന, ദൗത്യസംഘം വനത്തിലേക്ക്
മാനന്തവാടി: കര്‍ഷകനെ കൊന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം രണ്ടാംദിനം പുനരാരംഭിച്ചു. ഇന്നലെ നിലയുറപ്പിച്ചിരുന്ന മണ്ണുണ്ടിയിലെ മേഖലയില്‍ത്തന്നെ ബേലൂര്‍ മഖ്‌ന ഇന്നും ഉണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. മയക്കുവെടി വെക്കാനുള്ള ഒരുക്കത്തോടെ കുങ്കിയാനകള്‍ക്കൊപ്പം വനംവകുപ്പ് സംഘം ആന ഇപ്പോഴുള്ള പ്രദേശത്തേക്ക് പോയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരംവരെ മണ്ണുണ്ടി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. കാട്ടില്‍വെച്ച് ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ ആന ഓടി മറ്റൊരു പ്രദേശത്തേക്ക് പോയി. പിന്നീട് റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചെങ്കിലും ആനയെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ ദൗത്യം തല്‍ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു.
കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭയിലെ കുറുക്കന്‍ മൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലാണ് അവധി.