മക്ക മസ്ജിദ് സ്‌ഫോടന കേസ്: വിധി പ്രസ്താവിച്ച ജഡ്ജിയുടെ രാജി തള്ളി

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ വിധി പ്രസ്താവിച്ച എന്‍ ഐ എ കോടതി ജഡ്ജിയുടെ രാജി തള്ളി. ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥ് ആണ് ജസ്റ്റിസ് കെ രവീന്ദര്‍ റെഡ്ഡിയുടെ രാജി തള്ളിയത്. ഉടന്‍ തന്നെ ജോലിക്ക് ഹാജരാകാന്‍ ഹൈക്കോടതി ജഡ്ജിയോട് ആവശ്യപ്പെട്ടു.

മക്ക സ്‌ഫോടന കേസിലെ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ വെറുതെ വിട്ട ഉത്തരവിന് പിന്നാലെയാണ് ജസ്റ്റിസ് കെ രവീന്ദര്‍ റെഡ്ഡി രാജിവെച്ചത്. രാജിക്കത്തിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവന്നിട്ടില്ല. വ്യക്തിപരമായ കാരണങ്ങള്‍ക്കൊപ്പം തെലങ്കാനക്ക് നീതി എന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് റെഡ്ഡിയുടെ രാജിയെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, അതിലൊന്നും ഒരുതരത്തിലുള്ള സ്ഥിരീകരണവും ഇല്ല.

ഹൈദരാബാദിലെ നാലാം മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയായ റെഡ്ഡി രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെ 15 ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞതിന് പിന്നാലെയുള്ള രാജി, ചില സമ്മര്‍ദങ്ങളുടെ ഫലമാണെന്നും തനിക്ക് പല കോണില്‍ നിന്ന് ഭീഷണി വിളികള്‍ വന്നിരുന്നുവെന്നും റെഡ്ഡി പറഞ്ഞതായി അദ്ദേഹത്തിന്റെ ചില സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കള്ളപ്രമാണം തയ്യാറാക്കിയ കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് രവീന്ദര്‍ റെഡ്ഡിക്കെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഹൈദരാബാദിലെ ഒരു വ്യാപാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്.
റെഡ്ഡിയുടെ രാജിയും മക്ക മസ്ജിദ് വിധിയും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ടി ശ്രീ രംഗ റാവു പ്രതികരിച്ചു. വ്യാപാരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ സി ബി ഐ അന്വേഷണം ഉണ്ടാകുമെന്ന ഭയമാകാം റെഡ്ഡിയുടെ രാജിക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റെഡ്ഡി നിയമ കാര്യങ്ങളില്‍ കണിശക്കാരനാണെന്നും അദ്ദേഹം ബോധപൂര്‍വം അഴിമതിക്ക് വശംവദനാകില്ലെന്നും മറ്റൊരു അഭിഭാഷകന്‍ പ്രതികരിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കെയും ഹൈക്കോടതി ജഡ്ജിയാകാനുള്ള സാധ്യത നിലനില്‍ക്കെയുമുള്ള അദ്ദേഹത്തിന്റെ രാജിക്ക് പിന്നിലെ കാരണം ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *