ബൈക്ക് റൈഡ് ചാലഞ്ച്: എന്‍ജിനീയറിംങ് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

ബൈക്ക് റൈഡ് ചാലഞ്ച്: എന്‍ജിനീയറിംങ് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

April 19, 2018 0 By Editor

ഒറ്റപ്പാലം: യുഎസ് ആസ്ഥാനമായ സംഘടനയുടെ ഓണ്‍ലൈന്‍ ഗെയിം ബൈക്ക് റൈഡ് ചാലഞ്ചില്‍ പങ്കെടുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തില്‍ മരിച്ചു. പാലപ്പുറം ‘സമത’യില്‍ എം. സുഗതന്‍ – എസ്.പ്രിയ ദമ്പതികളുടെ മകന്‍ എം.എസ്. മിഥുന്‍ഘോഷ് (22) ആണു ബൈക്കില്‍ ലോറിയിടിച്ചു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ബെംഗളൂരുപുണെ ദേശീയപാതയില്‍ ചിത്രദുര്‍ഗയില്‍ മിഥുന്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കോയമ്പത്തൂരിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നു പുറപ്പെട്ട മിഥുന്‍ഘോഷ് മരിച്ച വിവരം ഇന്നലെ രാവിലെ ഏഴരയോടെ കര്‍ണാടക പൊലീസ്, കുടുംബത്തെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

അമേരിക്കന്‍ ഗെയിം ഗ്രൂപ്പായ അയണ്‍ ബട്ട് അസോസിയേഷന്റെ സാഡില്‍ ഡോര്‍ ചാലഞ്ച് ഏറ്റെടുത്തായിരുന്നു മിഥുന്റെ ബൈക്ക് യാത്ര. ബൈക്കില്‍ 24 മണിക്കൂര്‍ കൊണ്ട് 1600 കിലോമീറ്റര്‍ ഓടിയെത്തുകയായിരുന്നു ലക്ഷ്യം. ചാലഞ്ച് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ബൈക്കിന്റെ കിലോമീറ്റര്‍ റീഡിങ്ങും തിരിച്ചെത്തുമ്പോഴുള്ള റീഡിങ്ങും ഓണ്‍ലൈന്‍ വഴി അയച്ചുകൊടുക്കണം. ലക്ഷ്യം പൂര്‍ത്തിയാക്കുന്നവര്‍ക്കു സംഘടനയുടെ അംഗത്വവും ബാഡ്ജും ലഭിക്കും.

വീട്ടിലെ കിടപ്പുമുറിയുടെ വാതിലില്‍ എഴുതിപ്പതിച്ചിരുന്ന കടലാസിലെ വിവരങ്ങളില്‍ നിന്നാണു ‘സാഡില്‍ ഡോര്‍ ചാലഞ്ച്’ എന്ന ബൈക്ക് റൈഡിന്റെ സൂചനകള്‍ ലഭിച്ചത്. ഒറ്റപ്പാലത്തുനിന്നു പുറപ്പെട്ട് ബെംഗളൂരു–ഹൂബ്ലി വഴി പുണെയിലെത്തലായിരുന്നു ലക്ഷ്യമെന്നാണു സൂചന. ഹുബ്ലിക്കും പുണെയ്ക്കുമിടയില്‍നിന്നു തിരിച്ചു നാട്ടിലേക്കു മടങ്ങുന്ന വിധത്തിലുള്ള മറ്റൊരു പ്ലാന്‍ കിടപ്പുമുറിയിലെ മേശപ്പുറത്ത് ഉണ്ടായിരുന്നു.

ബന്ധുക്കള്‍ വൈകിട്ടു ചിത്രദുര്‍ഗയിലെത്തി. മിഥുന്‍ഘോഷിന്റെ അച്ഛന്‍ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി എം. സുഗതന്‍ ജനതാദള്‍ നേതാവും ഒറ്റപ്പാലത്തു പാര്‍സല്‍ സര്‍വീസ് സ്ഥാപന ഉടമയുമാണ്. ലക്കിടി അകലൂര്‍ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയാണു ചെങ്ങന്നൂര്‍ സ്വദേശിയായ അമ്മ എസ്. പ്രിയ. സഹോദരി: എം.എസ്. മിത്ര. തിരുവില്വാമല പാമ്പാടി നെഹ്‌റു നെഹ്‌റു കോളേജിലെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു മിഥുന്‍ഘോഷ്.