ആസിഡ് ആക്രമണം: അബിൻ ആസിഡ് വാങ്ങിയത് ഓണ്‍ലൈനിൽനിന്ന്; വിദ്യാര്‍ഥിനികളെ ആക്രമിച്ചത് പ്രണയാഭ്യര്‍ഥന നിരസിച്ചപ്പോൾ

ആസിഡ് ആക്രമണം: അബിൻ ആസിഡ് വാങ്ങിയത് ഓണ്‍ലൈനിൽനിന്ന്; വിദ്യാര്‍ഥിനികളെ ആക്രമിച്ചത് പ്രണയാഭ്യര്‍ഥന നിരസിച്ചപ്പോൾ

March 6, 2024 0 By Editor

മംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളായ മലയാളി പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി അബിന്‍ സിബി (23) ആസിഡ് വാങ്ങിയത് ഓണ്‍ലൈന്‍ വഴിയെന്നു റിപ്പോര്‍ട്ട്. നിലമ്പൂര്‍ സ്വദേശിയായ അബിന്‍, ആസിഡ് നേര്‍പ്പിച്ച ശേഷമാണു പെണ്‍കുട്ടികളുടെ ശരീരത്തില്‍ ഒഴിച്ചത്. 2 മാസത്തെ ആസൂത്രണത്തിനു ശേഷമായിരുന്നു ആക്രമണം. പൊള്ളലേറ്റ 3 വിദ്യാര്‍ഥിനികളും അപകടനില തരണം ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണു കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണമുണ്ടായത്.

ഓണ്‍ലൈന്‍ സൈറ്റ് വഴി വാങ്ങിയ ആസിഡ് കോയമ്പത്തൂരില്‍നിന്നാണ് അബിന്‍ ശേഖരിച്ചതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി കര്‍ണാടക വനിതാ കമ്മിഷന്‍ അധ്യക്ഷ ഡോ. നാഗലക്ഷ്മി ചൗധരി പറഞ്ഞു. നേര്‍പ്പിച്ച ആസിഡ് പ്ലാസ്റ്റിക് കുപ്പിയിലാണ് എത്തിച്ചത്. ആസിഡ് നേര്‍പ്പിച്ചതിനാലാണ് പരുക്ക് ഗുരുതരമാകാതിരുന്നതും. പരുക്കേറ്റ പെണ്‍കുട്ടികളെ ഡോ. നാഗലക്ഷ്മി ചൗധരി സന്ദര്‍ശിച്ചു. ഒരു പെണ്‍കുട്ടിക്ക് 20 ശതമാനവും മറ്റു പെണ്‍കുട്ടികള്‍ക്ക് 12 ശതമാനവും പൊള്ളലാണ് ഏറ്റിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അടിയന്തരമായി ഇവര്‍ക്ക് നാലു ലക്ഷം രൂപയും പിന്നീട് ചികിത്സയ്ക്കായി 20 ലക്ഷം രൂപയും നല്‍കുമെന്നും അവര്‍ അറിയിച്ചു.

പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്കു നേരെയാണ് അബിന്‍ ആസിഡ് ആക്രമണം നടത്തിയത്. കഡാബ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവ. കോളജിലാണ് അലീന, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ഥിനികൾ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അബിനെ വിദ്യാര്‍ഥികളും കോളജ് അധികൃതരും ചേര്‍ന്ന് തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോളജിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് പരീക്ഷയ്ക്കു തയാറെടുത്ത വിദ്യാര്‍ഥിനികള്‍ പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പാണ് അബിന്‍ ആസിഡ് ഒഴിച്ചത്.