കാലിക്കറ്റ് വിസിക്ക് തുടരാം, പുറത്താക്കിയ ഗവർണറുടെ നടപടിക്ക് സ്റ്റേ; കാലടി വിസിയുടെ ഹർജിയിൽ ഇടപെട്ടില്ല

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വി.സി: ഡോ. എം. വി. നാരായണനെ പുറത്താക്കിയ ചാൻസലറുടെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. അതേസമയം, കാലിക്കറ്റ് സർവകലാശാല വിസി. ഡോ. എം.കെ ജയരാജിനെ പുറത്താക്കിയ നടപടി ഇനിയൊരുത്തരവ് ഉണ്ടാകുംവരെ സ്റ്റേ ചെയ്തു. ഡോ. എം. വി. നാരായണൻ, ഡോ. എം. കെ. ജയരാജ് എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഇവരുടെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു പറഞ്ഞ് അസാധുവാക്കിയ ചാൻസലറുടെ മാർച്ച് 7ലെ ഉത്തരവു ചോദ്യം ചെയ്താണു ഹർജി.

നിയമനം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വിസിമാരെയും പുറത്താക്കിയത്. സാങ്കേതിക സർവകലാശാലാ വിസി ഡോ.രാജശ്രീയെ പുറത്താക്കിയ നടപടി ശരിവച്ച സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ഗവർണറുടെ നടപടി. തുടർന്ന് ഡോ. എം.വി.നാരായണൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ചാൻ‍സലറുടെയും യുജിസിയുടെയും വാദങ്ങൾ‍ ശരിവച്ചുകൊണ്ട് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.

വിസിയെ തിരഞ്ഞെടുക്കുന്നതിനായുള്ള കാലിക്കറ്റ് സർവകലാശാലയുടെ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതായിരുന്നു ഡോ. ജയരാജിന്റെ പുറത്താക്കലിലേക്കു നയിച്ചത്. എന്നാൽ അന്നത്തെ ചീഫ് സെക്രട്ടറി കാലിക്കറ്റ് വിസിയുടെ താത്‌കാലിക ചുമതല വഹിച്ചിട്ടുണ്ടെന്നും മാത്രമല്ല, അക്കാദമിക മികവു പുലർത്തിയിട്ടുള്ള വ്യക്തിയായിരുന്നു എന്നും വാദത്തിനിടെ ഡ‍ോ. ജയരാജിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊപ്പം, ചീഫ് സെക്രട്ടറി ചാൻസലറുടെ നോമിനിയായിരുന്നു എന്നുമായിരുന്നു വാദം.

സംസ്കൃത സർവകലാശാല വിസി സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ഏറ്റവും യോഗ്യനായ വ്യക്തിയെന്ന നിലയിലാണു സെർച്ച് കമ്മിറ്റി ഡോ. നാരായണന്റെ പേരുമാത്രം ശുപാർശ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ യുജിസി ചട്ടങ്ങളുടെ ലംഘനമല്ലേ വിഷയം എന്ന് വാദത്തിനിടെ കോടതി ആരാഞ്ഞിരുന്നു. ഒന്നിലധികം പേരുകൾ സെർച്ച് കമ്മിറ്റി നിർദേശിക്കണം എന്നാണ് യുജിസി ചട്ടം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story