ബോംബ് ഭീഷണി; പാരിസില്‍നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; പാരിസില്‍നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

June 2, 2024 0 By Editor

പാരിസില്‍നിന്ന് മുംബൈയിലേക്ക് പറന്ന വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തിന് നേരെ ഞായറാഴ്ച ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി-ശ്രീനഗര്‍ വിസ്താര വിമാനത്തിനും ഇന്‍ഡിഗോയുടെ ഡല്‍ഹി-വാരാണസി, ചെന്നൈ-മുംബൈ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു.

പാരിസിലെ ചാള്‍സ് ദെ ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താരയുടെ UK 024 വിമാനത്തിന് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണിയുണ്ടായത്. അടിയന്തര സാഹചര്യമായി കണക്കാക്കിയാണ് വിമാനം ഉടന്‍ നിലത്തിറക്കിയത്. രാവിലെ 10:19‑ന് വിമാനം മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

294 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 306 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്.
ബോംബ് ഭീഷണി വിസ്താര എയര്‍ലൈന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവരം ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചുവെന്നും സുരക്ഷാ ഏജന്‍സികളുമായി തങ്ങള്‍ പൂര്‍ണമായി സഹകരിച്ചുവെന്നും വിസ്താര അറിയിച്ചു.

Evening Kerala News | Latest Kerala News / Malayalam News