ബാ​ഗിൽ 40 വെടിയുണ്ടകൾ; ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നടൻ പിടിയിൽ

ബാ​ഗിൽ 40 വെടിയുണ്ടകൾ; ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നടൻ പിടിയിൽ

June 2, 2024 0 By Editor

നടനും രാഷ്ട്രീയ നേതാവുമായ കരുണാസിൻ്റെ ബാഗിൽ നിന്ന് 40 വെടിയുണ്ടകൾ കണ്ടെത്തി. ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വച്ച് സുരക്ഷാദ്യോ​ഗസ്ഥരാണ് താരത്തിന്റെ ബാ​ഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തത്. തിരുച്ചിയിലേക്ക് പോകാനായി ചെന്നൈ എയർപോർട്ടിലെത്തിയതായിരുന്നു താരം. സുരക്ഷ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ വെടിയുണ്ടകൾ കണ്ടെത്തിയത്.

എന്നാൽ, തൻ്റെ സംരക്ഷണത്തിനായി ലൈസൻസുള്ള കൈത്തോക്ക് കൈവശമുണ്ടെന്ന് കരുണാസ് പൊലീസ് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിൽ പറഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ഡിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഡിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ തോക്ക് ഏൽപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന രേഖകളും കരുണാസ് ഉദ്യോ​ഗസ്ഥർക്ക് കൈമാറി. രേഖകൾ പരിശോധിച്ച ശേഷം കരുണാസ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന് തിരുച്ചിയിലേക്ക് പോകാൻ ഉദ്യോ​ഗസ്ഥർ അനുമതി നൽകി.