ആന്ധ്രയിൽ നായിഡു മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെത്തും
ഹൈദരാബാദ്: ആന്ധ്രയിൽ എൻ.ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയാകും. ഭൂരിപക്ഷ കണക്കുപ്രകാരം 5 വർഷവും ആശങ്കയില്ലാതെ നായിഡുവിനു ഭരിക്കാം. 9ന് അമരാവതിയിൽ നായിഡുവിന്റെ സത്യപ്രതിജ്ഞയുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.
ആകെയുള്ള 175 ൽ 134 സീറ്റും ടിഡിപി വിജയിച്ചപ്പോൾ സഖ്യകക്ഷികളായ പവൻ കല്യാണിന്റെ ജനസേന 21 സീറ്റിലും ബിജെപി 8 സീറ്റിലും വിജയിച്ചു. വൻ ഭൂരിപക്ഷത്തിൽ സംസ്ഥാനം ഭരിച്ച വൈഎസ്ആർ കോൺഗ്രസ് 39% വോട്ട് നേടിയെങ്കിലും 12 സീറ്റിലേക്കു ചുരുങ്ങി. ടിഡിപി മത്സരിച്ചതിൽ (144 സീറ്റ്) 93% സീറ്റിലും ജയിച്ചു. 45% വോട്ടുനേടി.
കുടുംബ വേരുള്ള കടപ്പയിലെങ്കിലും ജയിക്കുമെന്ന് കരുതിയ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ വൈ.എസ്.ശർമിള മൂന്നാംസ്ഥാനത്തായി. കോൺഗ്രസിന് ആകെ ലഭിച്ചത് 1.72% വോട്ടാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലും ടിഡിപി വൻ മുന്നേറ്റം കാഴ്ചവച്ചു. 25ൽ 16 സീറ്റിലാണ് ടിഡിപി വിജയിച്ചത്.
നാലാംതവണയാണ് 74 കാരനായ ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. ഇതു രാഷ്ട്രീയത്തിലെ പുനർജന്മമാണെന്നു നായിഡുവിനു ബോധ്യമുണ്ട്. ആന്ധ്രയ്ക്കുള്ള പ്രത്യേക പദവി മുതൽ ജഗനും പാർട്ടിക്കുമെതിരായ പ്രതികാര നടപടികൾ വരെയുള്ള സംഭവബഹുലമായ ദിനങ്ങളാണ് ആന്ധ്രയെ കാത്തിരിക്കുന്നത്.
ഞങ്ങളുടെ പ്രവർത്തകരെ അവഹേളിച്ച ആരെയും വെറുതേ വിടില്ലെന്നും ‘പണിഷ്മെന്റ്’ ഉറപ്പാണെന്നും പ്രചാരണ വേദിയിൽ നായിഡു പ്രസംഗിച്ചതാണ്. അഴിമതിക്കേസിൽ 2 മാസത്തോളം ജയിലിൽ കിടന്ന നായിഡുവിന് കേസുകളുടെ അപഹാരം ഒഴിവാക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. നായിഡു ജയിലിനു പുറത്തുനിൽക്കേണ്ടത് ഇപ്പോൾ ബിജെപിയുടെ ആവശ്യമായിരിക്കുന്നു.
ഇത് നാലാംതവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. 1995 മുതൽ 2004 വരെ അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു