കടുവ ആക്രമണം, വയനാട്ടില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍, കടുവയെ പിടിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി

കടുവ ആക്രമണം, വയനാട്ടില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍, കടുവയെ പിടിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി

June 23, 2024 0 By Editor

വയനാട്: കടുവ ആക്രമണം തുടരുന്ന കേണിച്ചിറയില്‍ നാട്ടുകാരുടെ പ്രതിഷേധം. സുല്‍ത്താന്‍ ബത്തേരി – പനമരം റോഡ് ആണ് ഉപരോധിക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായാണ് റോഡ് ഉപരോധം. പശുവിന്റെ ജഡം ട്രാക്ടറില്‍ വെച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്.

രണ്ട് പശുക്കളെ കൂടി കടുവ കൊന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നത്. കേണിച്ചിറയില്‍ ഒറ്റരാത്രിയില്‍ മൂന്ന് പശുക്കളെയാണ് കടുവ പിടിച്ചത്. ‘തോല്‍പ്പെട്ടി 17’ എന്ന കടുവയാണ് പശുക്കളെ കൊന്നത്. മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തില്‍ കയറി ആയിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേല്‍ സാബുവിന്റെ പശുവിനെ രാത്രി 10 മണിയോടെ കൊന്നിരുന്നു.

അതേസമയം, കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.

കൂട് വെച്ച് പിടികൂടാനായില്ലെങ്കില്‍ മയക്ക് വെടിവെച്ച് പിടികൂടും. ഇതിനുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ അനുമതി നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam