കെജരിവാളിന് തിരിച്ചടി; ജാമ്യമില്ല, ജയിലില്‍ തുടരും

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യമില്ല. വിചാരണക്കോടതിയുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയ്‌നാണ് വിധി പ്രസ്താവിച്ചത്.

അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന കെജരിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രധാനപ്പെട്ട പല വസ്തുതകളും കണക്കിലെടുക്കാതെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിഎംഎല്‍എ കേസില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഇരട്ട വ്യവസ്ഥകള്‍ പാലിച്ചല്ല കെജരിവാളിന് ജാമ്യം നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി നേരത്തെ കെജരിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇഡി പക്ഷപാതപരമായി പെരുമാറുകയാണെന്നും, കുറ്റകൃത്യവുമായി കെജരിവാളിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇഡിക്ക് ഹാജരാക്കാനായിട്ടില്ലെന്നും ജാമ്യം അനുവദിച്ചു കൊണ്ട് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യം നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തതിനെതിരെ അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി വന്ന ശേഷം പരിഗണിക്കാമെന്ന് പറഞ്ഞ് സുപ്രീംകോടതി മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ച് കെജരിവാളിന്റെ ഹര്‍ജി നാളെ പരിഗണിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story