നീറ്റ് വിവാദത്തിനിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ‌എൻടിഎ; പുതിയ തീയതികൾ പ്രഖ്യാപിച്ചു

നീറ്റ് വിവാദത്തിനിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ‌എൻടിഎ; പുതിയ തീയതികൾ പ്രഖ്യാപിച്ചു

June 29, 2024 0 By Editor

ന്യൂഡൽഹി: നീറ്റ്–യുജി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്‌’ ഓഗസ്റ്റ് 21നും സെപ്റ്റംബർ നാലിനും ഇടയിലും, ജോയിന്റ് സിഎസ്‌ഐആർ–യുജിസി നെറ്റ് പരീക്ഷ ജൂലൈ 25–27 തീയതികളിലും നടത്താനാണു തീരുമാനം. അഖിലേന്ത്യ ആയുഷ് പിജി എൻട്രൻസ് പരീക്ഷ ജൂലൈ ആറിനു നടക്കും.

ജൂൺ 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്‌ഐആർ–യുജിസി നെറ്റ് പരീക്ഷ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വിഷയങ്ങളും പരിഗണിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണം. ജൂൺ 18നു നടന്ന യുജിസി നെറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോർന്നതിനെത്തുടർന്നും 12ന് നടന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നുമാണു റദ്ദാക്കിയത്.

ജൂനിയർ റിസർച് ഫെലോഷിപ്പോടെ (ജെആർഎഫ്) സയൻസ്/ ടെക്നോളജി മേഖലയിൽ ഗവേഷണം, അസിസ്റ്റന്റ് പ്രഫസർ നിയമനം എന്നിവയ്ക്കുള്ള യോഗ്യതാപരീക്ഷയാണു സിഎസ്‌ഐആർ– നെറ്റ്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സിഎസ്ഐആർ) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) എന്നിവ ചേർന്നൊരുക്കുന്ന പരീക്ഷയുടെ നടത്തിപ്പു ചുമതല എൻടിഎയ്ക്കാണ്. രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന യുജിസി–നെറ്റ്‌ പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam