വീട്ടിൽ വെച്ച് യുവതിക്ക് വെടിയേറ്റ സംഭവം: ഷിനിയുടെ ഭർത്താവുമായി ദീപ്തിക്ക് അടുപ്പം; യുട്യൂബ് നോക്കി എയർ പിസ്റ്റൾ ഉപയോഗിക്കാൻ പരിശീലനം

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിലെ പ്രതി ഡോ.ദീപ്തിമോൾ ജോസ് (37) പിടിയിലായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിയെ വൈകിട്ട് ആറുമണിയോടെ കമ്മിഷണർ ഓഫിസിൽ എത്തിച്ചു രാത്രി വൈകിയും ചോദ്യം ചെയ്തു.

ഷിനിയുടെ ഭർത്താവ് സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. ഈയിടെ ദീപ്തിയും സുജീത്തും തമ്മിൽ അകന്നു. സുജീത്തുമായുള്ള സൗഹൃദത്തിനു ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്തിയുടെ കുറ്റസമ്മതം. യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിനു പദ്ധതിയിട്ടത്. ഓൺലൈൻ വിൽപന സൈറ്റിൽ കണ്ട കാറിന്റെ നമ്പർ ഉപയോഗിച്ചു വ്യാജ നമ്പർ തരപ്പെടുത്തി. ഓൺലൈൻ വഴി എയർ പിസ്റ്റൾ വാങ്ങിയ ശേഷം യുട്യൂബ് നോക്കി അത് ഉപയോഗിക്കാൻ പരിശീലിച്ചു. തൊട്ടടുത്തു നിന്നു വെടിയുതിർത്താൽ കൊലപ്പെടുത്താമെന്നു കരുതിയാണ് കൊറിയർ നൽകാനെന്ന വ്യാജേന എത്തിയത്. സുജീത്തിന്റെ വീട് ദീപ്തിക്കു നേരത്തേ അറിയാമായിരുന്നു.

ഞായറാഴ്ച രാവിലെ ഒറ്റയ്ക്കു കാർ ഓടിച്ച് ചാക്ക, പാൽക്കുളങ്ങര റൂട്ട് വഴി ചെമ്പകശേരി ലെയ്നിൽ എത്തി കൃത്യം നടത്തി അതേ കാറിൽ ചാക്ക ബൈപാസ് വഴി കടന്നുകളഞ്ഞു. സംഭവം കഴിഞ്ഞ്, ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണു നേരെ പോയത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന മാധ്യമവാർത്ത മനസ്സിലാക്കിയ ദീപ്തി പിടിയിലാകില്ലെന്നു കരുതി വീട്ടിലേക്കു പോയി. പിന്നീട് കാറിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാർ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവർ പിടിയിലാകുന്നത്. പൾമനോളജിയിൽ എംഡി എടുത്ത ശേഷം ക്രിട്ടിക്കൽ കെയർ സ്പെഷ്യൽറ്റിയിൽ ഫെലോഷിപ്പും നേടിയിട്ടുണ്ട്. 5 മാസം മുൻപാണ് ആശുപത്രിയിൽ ചേർന്നതെന്നും ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു ആക്രമണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story