
വൈദ്യുതി നിരക്ക് കേരളത്തിൽ കുറവെന്ന കണക്കുകളുമായി റെഗുലേറ്ററി കമീഷൻ
February 4, 2025തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ വൈദ്യുതി നിരക്ക് കുറവാണെന്ന് വിവരിക്കുന്ന കണക്കുകളുമായി റെഗുലേറ്ററി കമീഷൻ. 29 സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത പട്ടികയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.
പ്രതിമാസം 100 യൂനിറ്റ് വരെയുള്ള ഗാർഹിക ഉപഭോക്താക്കളുടെ കാര്യത്തിൽ 21 സംസ്ഥാനങ്ങളിലേക്കാൾ കേരളത്തിൽ നിരക്ക് കുറവാണെന്നതടക്കം വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തിൽ കുറവാണത്രെ.
കേരളത്തിൽ വൈദ്യുതി നിരക്ക് കൂടുതലാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കെയാണ് റെഗുലേറ്ററി കമീഷൻ മറ്റു സംസ്ഥാനങ്ങളുടെ നിരക്കുകൾ പ്രസിദ്ധീകരിച്ചത്.
ഇതിന് സമൂഹമാധ്യമങ്ങളിലൂടെയടക്കം വലിയ പ്രചാരണം കെ.എസ്.ഇ.ബിയും ജീവനക്കാരുടെ സംഘടനകളും നൽകുന്നുണ്ട്. അടിക്കടി നിരക്ക് വർധിപ്പിക്കുന്നതിനുള്ള ന്യായീകരണമാണ് നിരക്കുകൾ താരതമ്യം ചെയ്യുന്നതിന് പിന്നിലുള്ളതെന്നാണ് ഉപഭോക്തൃ സംഘടനകളുടെ ആക്ഷേപം.