
പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവർ 79 പേരെന്ന് ഇംഗ്ലിഷ് ഓൺലൈൻ മാധ്യമം
February 6, 2025ന്യൂഡൽഹി ∙ യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരിച്ചവർ 79 പേരെന്ന് ഇംഗ്ലിഷ് ഓൺലൈൻ മാധ്യമം ന്യൂസ്‌ലോൺട്രിയുടെ റിപ്പോർട്ട്. ജനുവരി 29നു പുലർച്ചെയുണ്ടായ അപകടത്തിൽ 30 മരിച്ചെന്നും 60ൽ ഏറെപ്പേർക്കു പരുക്കേറ്റെന്നുമാണ് യുപി സർക്കാർ ഔദ്യോഗികമായി അറിയിച്ചത്. യഥാർഥ മരണസംഖ്യ സർക്കാർ പുറത്തുവിട്ടിട്ടില്ലെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണു വിവിധ ആശുപത്രികളിൽ അന്വേഷണം നടത്തി മാധ്യമറിപ്പോർട്ട് പുറത്തുവന്നത്.
കുംഭമേളയിൽ മരിച്ചവരുടെ ശരീരങ്ങൾ പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്റു മെഡിക്കൽ കോളജിൽ നിന്നാണു ബന്ധുക്കൾക്കു വിട്ടുനൽകിയത്. ആശുപത്രിയിൽ എത്തിച്ച 69 പേരിൽ 66 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറിയെന്നും 2 സ്ത്രീകളുൾപ്പെടെ 3 പേരെ തിരിച്ചറിയാനായില്ലെന്നും റിപ്പോർട്ട് പറയുന്നു.