
മൂന്നു വയസുകാരിയുടെ മരണം; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവുണ്ടായെന്ന പരാതിയുമായി കുടുംബം
February 19, 2025കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയുടെ മരണത്തിൽ പരാതിയുമായി കുടുംബം. കുട്ടിക്ക് ആശുപത്രിയിൽ വേണ്ടത്ര ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. ഇടുക്കി കട്ടപ്പന സ്വദേശി വിഷ്ണുവിന്‍റെയും ആശയുടെയും മകൾ അപർണിക ആണ് മരിച്ചത്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം.
വയറുവേദനയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി. ഇതിനിടെയാണ് മരണം സംഭവിക്കുന്നത്. കുട്ടിക്ക് അപസ്മാരം വന്നുവെന്നും അതുമൂലമുള്ള ശ്വാസതടസമാണ് മരണകാരണമെന്നും ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‍മോര്‍ട്ടം ചെയ്യും.