മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നു, ഉയർന്ന അളവിൽ ഓക്സിജൻ നൽകിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നു, ഉയർന്ന അളവിൽ ഓക്സിജൻ നൽകിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

February 23, 2025 0 By eveningkerala

വത്തിക്കാൻ സി​റ്റി:ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ള​റ്റിൻ. ആരോഗ്യനില ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാൾ വഷളായതായും വത്തിക്കാൻ അറിയിച്ചു.വിളർച്ചയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും കാണിക്കുന്നുണ്ട്.ആസ്ത്മയുടെ ഭാഗമായ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ള​റ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്.

പോപ്പ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നും വത്തിക്കാൻ അറിയിച്ചു. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ചികിത്സയ്ക്കിടെ ശ്വാസകോശ അണുബാധയിൽ കുറവുണ്ടായതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ രക്തത്തിലേക്ക് അണുബാധ വ്യാപിക്കുമോയെന്ന ആശങ്ക ഡോക്ടർമാർക്കുണ്ട്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ന്യുമോണിയ കണ്ടെത്തിയത്. ഒരാഴ്ച കൂടിയെങ്കിലും ആശുപത്രിയിൽ തുടരണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. രോഗവിവരങ്ങൾ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ ഡോക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇ​റ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കഴിഞ്ഞ ദിവസം മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇ​റ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു.