
സ്ഥലം പോക്കു വരവ് ചെയ്യാനായി ഉടമസ്ഥൻ്റെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ
February 26, 2025കോട്ടയം: സ്ഥലം പോക്കു വരവ് ചെയ്യാനായി ഉടമസ്ഥൻ്റെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം.
വസ്തു പോക്കു വരവ് നടത്തുന്നതിനായി സ്പെഷ്യൽ വില്ലേജ് ഓഫിസറെ സമീപിക്കുകയായിരുന്നു പരാതിക്കാരൻ. നടപടിക്രമം പൂർത്തിയാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതോടെ വിജിലൻസിനെ സമീപിച്ചു. തുടർന്ന് തുകയുമായി സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെ സമീപിക്കവെയാണ് വിജിലൻസ് സംഘത്തിൻ്റെ പിടിയിലാവുന്നത്.
കേസിൽ വെള്ളാവൂർ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെയും രണ്ടാം പ്രതിയാക്കി ചേർത്തിട്ടുണ്ട്. അഴിമതി കേസിൽ പിടിയിലാകുന്ന സർക്കാർ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കാൻ വിജിലൻസിന് അധികാരമില്ല. സർക്കാരിലേക്ക് ഇതിനായി ശുപാർശ ചെയ്യാൻ സാധിക്കുമെന്ന് മാത്രം. ഇത്തരത്തിൽ നിരവധി പേരാണ് സർക്കാരിൻ്റെ പരിഗണനയിലുള്ളത്.