
വീണ്ടുമൊരു പരീക്ഷാക്കാലം; SSLC, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍; എന്തൊക്കെ ശ്രദ്ധിക്കണം #sslcexam
March 2, 2025തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ തുടങ്ങും. 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമടക്കം 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതും. കേരളത്തില്‍ 2964 കേന്ദ്രങ്ങളാണുള്ളത്. ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലും, ജിസിസിയില്‍ ഏഴിടത്തും പരീക്ഷ നടക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്നു. മാര്‍ച്ച് 26ന് പരീക്ഷകള്‍ അവസാനിക്കും. 1,42,298 സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, 2,55,092 എയിഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, 29,631 അണ്‍ എയിഡഡ് സ്‌കൂള്‍ കുട്ടികളും പരീക്ഷയെഴുതും.
ജിസിസിയില്‍ 682 വിദ്യാര്‍ത്ഥികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതും. ഓള്‍ഡ് സ്‌കീമില്‍ എട്ടു പേരാണ് പരീക്ഷ എഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (28,358) കുട്ടികള്‍ പരീക്ഷ എഴുതുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് (1,893) വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്.
2,017 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോടാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തുന്നത്. മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം ഏപ്രില്‍ മൂന്ന് മുതല്‍ 11 വരെയും, രണ്ടാമത്തേത് 21 മുതല്‍ 26 വരെയും നടക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ആറു മുതല്‍ 29 വരെ നടക്കും. രണ്ടാം വര്‍ഷ പരീക്ഷകള്‍ നാളെ മുതല്‍ മാര്‍ച്ച് 26 വരെ നടക്കും.
എന്തൊക്കെ ശ്രദ്ധിക്കണം?
- മികച്ച തയ്യാറെടുപ്പാണ് പ്രധാനമായും വേണ്ടത്
- ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണം. ടെന്‍ഷന്‍ പാടില്ല
- പരീക്ഷയ്ക്ക് കൊണ്ടുപോകേണ്ട അനുവദനീയമായ സാധന സാമഗ്രികള്‍ (അഡ്മിറ്റ് കാര്‍ഡ് അടക്കം) നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കണം. പരീക്ഷയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് അവ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം
- പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെ എത്തണം
- തലേദിവസം ശരിയായ ഉറക്കം ഉറപ്പുവരുത്തണം. ഉറക്കം ഒഴിവാക്കിയുള്ള പഠനത്തിന് ശ്രമിക്കരുത്
- ധാരാളം വെള്ളം കുടിക്കണം.
- ചോദ്യപേപ്പര്‍ ശ്രദ്ധാപൂര്‍വം വായിച്ച് വേണം ഉത്തരമെഴുതാന്‍. ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണം