‘ആ കാറില്‍ സമാധാനത്തോടെ സഞ്ചരിക്കാന്‍ കഴിയില്ല’; രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ തിരിച്ചുനല്‍കി ചാരിറ്റി പ്രവര്‍ത്തകന്‍

സോഷ്യൽ മീഡിയയിൽ വ്യാപക വിമര്‍ശനം’; രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ തിരിച്ചുനല്‍കി ചാരിറ്റി പ്രവര്‍ത്തകന്‍ #shameerkunnamangalam

March 2, 2025 0 By eveningkerala

കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർ‌‌വ്വ രോ​ഗത്തിന്റെ ചികിത്സയ്ക്കായി മൂന്ന് കോടിയിലധികം പിരിച്ചുനല്‍കിയതിന് രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ കാര്‍ തിരിച്ചുനല്‍കി ചാരിറ്റി പ്രവര്‍ത്തകന്‍ ഷമീര്‍ കുന്ദമംഗലം. സമ്മാനം കൈപ്പറ്റിയതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കാര്‍ തിരിച്ചുനൽകിയത്.

മലപ്പുറം കൊണ്ടോട്ടിയില്‍വെച്ചാണ് കുടുംബത്തിന് കാർ തിരിച്ച് നൽകിയത്. ഇതിന്റെ വീഡിയോ ഷമീർ തന്നെ തന്റെ ഫേയ്സ്ബുക്കിലൂടെ പങ്കുവച്ചു. ആ കാറില്‍ സമാധാനത്തോടെ സഞ്ചരിക്കാന്‍ കഴിയില്ലെന്നും അത് സ്വീകരിച്ച തന്റെ നടപടി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഷമീര്‍ വ്യക്തമാക്കി. വേദിയിൽ വച്ച് തന്നെ താൻ അത് നിരസിക്കണമായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിന് പ്രയാസമാകും എന്ന് കരുതിയാണ് താന്‍ അത് ചെയ്യാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവരോഗം ബാധിച്ച മലപ്പുറം മുതുവല്ലൂരിലെ പതിനാലുകാരന്റെ ചികിത്സക്കായാണ് ഓൺലൈൻ ചാരിറ്റി ഷമീര്‍ ആരംഭിച്ചത്. ഒരു മാസം കൊണ്ട് തന്നെ ഷമീര്‍ മൂന്ന് കോടി രൂപ സമാഹരിച്ചു നല്‍കി. ഇതിനു പിന്നാലെ കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചികിത്സ സഹായ സമിതിയുടെ കണക്ക് അവതരണ ചടങ്ങിൽ വച്ച് രോഗിയുടെ കുടുംബം ഇന്നോവ ക്രിസ്റ്റ കാറിന്റെ താക്കോല്‍ കൈമാറുകയായിരുന്നു. കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. കാര്‍ സമ്മാനമായി നല്‍കാന്‍ കഴിവുള്ള കുടുംബത്തിന് വേണ്ടിയാണോ പൊതുജനങ്ങളില്‍നിന്ന് പണം പിരിച്ചത് എന്നായിരുന്നു പ്രധാന വിമര്‍ശനം. ഇതിനു പിന്നാലെ വിശദീകരണവുമായി ഷമീർ രം​ഗത്ത് എത്തിയിരുന്നു. പിരിച്ച തുകയിൽ നിന്ന് പണം ചെലവഴിച്ചില്ലെന്നും രോഗിയുടെ കുടുംബം പിരിവിട്ടാണ് തനിക്ക് കാര്‍ സമ്മാനിച്ചതെന്നും അത് പുതിയ കാര്‍ അല്ലെന്നും ഷമീര്‍ പറഞ്ഞിരുന്നു. ഏകദേശം 12 ലക്ഷം രൂപ മാത്രം വില വരുന്ന 2017 മോഡല്‍ കാറാണ് തനിക്ക് സമ്മാനിച്ചതെന്നും ആളുകള്‍ പങ്കുവെച്ച ചിത്രത്തിലുള്ള ‘ജസ്റ്റ് ഡെലിവേര്‍ഡ്’ എന്ന് രേഖപ്പെടുത്തിയ കാര്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഷമീര്‍ വ്യക്തമാക്കിയിരുന്നു.