നടപടി ആവുമോ ? ഷഹബാസ് കൊലക്കേസ്; പ്രധാന പ്രതിയുടെ പിതാവ് ടി പി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്

നടപടി ആവുമോ ? ഷഹബാസ് കൊലക്കേസ്; പ്രധാന പ്രതിയുടെ പിതാവ് ടി പി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്

March 2, 2025 0 By eveningkerala

കോഴിക്കോട്: താമരശ്ശേരിയിൽ സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരം പുറത്ത്. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
പ്രധാന പ്രതിയുടെ പിതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാൾ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്. ആക്രമണ സമയം ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്റെ പിതാവ് പറഞ്ഞിരുന്നു. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയത് ഇയാളുടെ വീട്ടിൽ നിന്നാണ്.കേസിലെ അഞ്ച് പ്രതികളുടെ വീട്ടിലും ഇന്ന് രാവിലെ താമരശേരി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. താമരശേരി എസ് എച്ച് ഒ സായൂജിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കൂടുതൽ ഡിജി​റ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളുടെ ലാപ്‌ടോപ്പുകളും ഫോണുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്കും സാങ്കേതിക പരിശോധനയ്ക്കും വിധേയമാക്കിയതിന് ശേഷമായിരിക്കും തുടർന്നുളള അന്വേഷണം.എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് ഷഹബാസ്. ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷത്തിന് പിന്നാലെ വ്യാഴാഴ്ച വൈകിട്ട് ഷഹബാസിനെ താമരശേരി സ്‌കൂളിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

രാത്രിയോടെ ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടർന്ന് ഷഹബാസിനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഷഹബാസ് ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മരിച്ചത്.

കേസിൽ പ്രതികളായ അഞ്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.