കേസുകള്‍ ഒതുക്കി ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി സ്വന്തം തടിരക്ഷിച്ചെന്ന് കെ സുധാകരന്‍ എംപി

കേസുകള്‍ ഒതുക്കി ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി സ്വന്തം തടി രക്ഷിച്ചു ; കെ സുധാകരന്‍ എംപി

March 3, 2025 0 By eveningkerala

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡിവൈഎഫ്‌ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് നേതൃത്വംകൊടുത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട ബിജെപി- സിപിഎം ബന്ധമാണ് ലൈഫ് മിഷന്‍ കേസ്, സ്വര്‍ണക്കടത്തു കേസ് എന്നിവ ഇല്ലാതാക്കിയത്. പിണറായി വിജയനെ കേസില്‍ നിന്നൂരാന്‍ മാത്രമല്ല, വീണ്ടും അധികാരത്തിലേറാനും ബിജെപി സഹായിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്ത 15 കോടിയുടെ സ്വര്‍ണം, ലൈഫ് മിഷന് യുഎഇ നല്‍കിയ 20 കോടിയില്‍ നടത്തിയ വെട്ടിപ്പ് തുടങ്ങിയ അതീവ ഗുരുതരമായ കേസുകളാണ് ഇല്ലാതായത്. കേസുകള്‍ തേച്ചുമായിച്ചു എന്ന അഹങ്കാരത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി ശിവശങ്കറെ ന്യായീകരിക്കുന്നത്.

മുഖ്യമന്ത്രിയിലേക്ക് എത്തേണ്ട നിരവധി സാഹചര്യതെളിവുകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടി ദുബായിലേക്ക് സ്വര്‍ണവും ഡോളറും കടത്തി എന്ന ആരോപണം ഉന്നയിച്ചത് ഒരു കാലഘട്ടത്തില്‍ വലംകൈയായിരുന്ന സ്വപ്ന സുരേഷാണ്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കോണ്‍സുലേറ്റില്‍നിന്ന് സ്ഥിരമായി എത്തിയിരുന്ന ദുരൂഹമായ ബിരിയാണി ചെമ്പുകള്‍, സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ വകുപ്പില്‍ ജോലി, അവരുടെ ഭര്‍ത്താവിന് കെ ഫോണില്‍ ജോലി, നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ നടത്തിയ ഇടപെടലുകള്‍, രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തത് തുടങ്ങിയ നിരവധി കണ്ണികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി ഇല്ലാതാക്കിയത്.

2020ല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തെങ്കിലും സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കര്‍ പ്രതിയായില്ല. വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ അറസ്റ്റിലായെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അദ്ദേഹം പല തവണ ഹാജരായില്ല. മന്ത്രി കെ ടി ജലീല്‍, നിയമസഭാസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരൊക്കെ ആരോപണവിധേയരായി. കേരളം കണ്ട ഗുരുതരമായ ഈ കേസ് വീണ്ടും ഉയര്‍ന്നുവരുക തന്നെ ചെയ്യുമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.