
‘എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ സംസാരിച്ചിരുന്നു; മാനുഷിക പരിഗണന വേണം’; അഹാനയ്‌ക്കെതിരെ സംവിധായകന്റെ ഭാര്യ
March 4, 2025അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥപാത്രമാക്കി ഒരുക്കിയ ചിത്രമാണ് നാൻസി റാണി. Nancy Rani Movie മാർച്ച് 14ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരങ്ങളും അണിയറപ്രവർത്തകരും. ഇതിനിടെയിൽ നടി അഹാന പ്രമോഷന് പങ്കെടുക്കാത്തതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇന്ന് കൊച്ചിയിൽ വച്ച് നടന്ന പ്രസ് മീറ്റിലാണ് അഹാന പങ്കെടുക്കാതിരുന്നത്. ഇതിനു പിന്നാലെ അഹാനയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന.
തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും. എന്നാൽ അത് കഴിഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും നൈന പറയുന്നു.മാനുഷിക പരിഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റിൽ പറഞ്ഞു. മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ സിനിമയുടെ പ്രമോഷന് അനശ്വര രാജൻ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയിലാണ് ഈ സംഭവം.
അഹാന നല്ലൊരു നടിയാണ്. തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ അഹാനയോട് സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നുവെന്നും നൈന പറയുന്നു. ഭർത്താവുള്ള സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്നാൽ അഹാന ഇപ്പോഴും അതൊന്നും മറന്നിട്ടില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണെന്നും നൈന പറഞ്ഞു. എന്തുകൊണ്ട് വന്നില്ലെന്ന് തനിക്ക് അറിയില്ലെന്നും നൈന കൂട്ടിച്ചേർത്തു.
മനു മരിച്ചതിനു ശേഷമാണ് താൻ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനിൽ ജോയിൻ ചെയ്യുന്നത്. അണിയറ പ്രവർത്തകരാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തന്നത്. മൂന്ന് വർഷമെടുത്തു പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കാൻ. ഞങ്ങളുടെ ബെസ്റ്റ് സിനിമയിൽ കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നതെന്നും നൈന സിനിമയെ കുറിച്ച് വ്യക്തമാക്കി. 2023 ഫെബ്രുവരി 25നായിരുന്നു ജോസഫ് മനു അന്തരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. നാന്‍സി റാണി റിലീസിന് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു മനുവിന്‍റെ വിയോഗം.