
ലഹരി വിൽപന; പൊന്നാനിയിൽ രജിസ്റ്റർ ചെയ്തത് 60ഓളം കേസുകൾ; പിടിയിലായത് 22 പേർ
March 5, 2025 Off By eveningkeralaപൊന്നാനി: ലഹരി വിൽപനക്കെതിരെ സംസ്ഥാനത്തുടനീളം പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിൽ പൊന്നാനി സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസങ്ങളിൽ രജിസ്റ്റർ ചെയ്തത് 60ഓളം കേസുകൾ. കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപന എന്നിവ കണ്ടെത്തിയത് സംബന്ധിച്ചാണ് കേസ്.
പൊന്നാനിയിൽ നാൽപതോളം ലഹരി വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ പൊലീസ് ഫെബ്രുവരി മാസത്തിൽ 17 കേസുകളിലായി 22 പേരെ അറസ്റ്റ് ചെയ്തു. പ്രധാനപ്പെട്ട ലഹരി മരുന്ന് വിൽപനക്കാരെല്ലാം ജയിലിലാണ്.
ബംഗളൂരുവിൽനിന്ന് കാറിൽ എം.ഡി.എം.എ കൊണ്ടുവരുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹനം തടഞ്ഞ് പരിശോധന നടത്താൻ ശ്രമിച്ച പൊന്നാനി എസ്.ഐയെ ഇടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ പോയ ഒന്നാം പ്രതി വെളിയങ്കോട് സ്വദേശി കോളത്തെരി സാദിഖിനെ കഴിഞ്ഞ ദിവസം ചാവക്കാട് നിന്നും പിടികൂടിയിരുന്നു. പൊന്നാനി മുല്ല റോഡിൽ ലഹരി വിൽപനക്കാരെ പൊലീസ് പിടിച്ചത് പരിസരത്തെ വീട്ടുകാർ വിവരം നൽകിയതിനാലാണെന്ന് ആരോപിച്ച് അർധരാത്രി അക്രമംഅഴിച്ചുവിട്ട സംഭവത്തിൽ ഉമ്പായി അൻസാർ, കുള്ളൻ അൻസാർ എന്നിവരെ പിടികൂടി.
വടിവാൾ വീശി പരാക്രമം നടത്തിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പീക്കിരി നിസാമിനെയും റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് വെളിയങ്കോട്നിന്ന് എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെയുള്ളവയുമായി ഓട്ടോ ഡ്രൈവർ പഞ്ചിലകത്ത് സൂഫൈലിനെ പൊന്നാനി പൊലീസ് പിടികൂടിയത്. ഓട്ടോയിൽ വിദ്യാർഥികൾ അടക്കമുള്ളവരാണ് ആവശ്യക്കാരായി എത്തുന്നതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്.
മുമ്പ് ലഹരി കേസിൽ ഉൾപ്പെട്ട പൊന്നാനിയിൽ താമസിക്കുന്നവരെ പൊലീസ് നിരീക്ഷിച്ച് വരികയാണ്. പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എസ്.ഐമാരായ അരുൺ, ആനന്ദ്, വിനോദ്, എ.എസ്.ഐ മധു, സി.പി.ഒമാരായ നാസർ, പ്രശാന്ത്, സജു, മഹേഷ്, ആനന്ദ്, വിനോദ്, അനൂപ് തുടങ്ങിയവരാണ് മയക്കുമരുന്ന് വിപത്തിനെതിരായ അന്വേഷണ സംഘത്തിലുള്ളത്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)