Narendra Modi: കാടുകളില്‍ നിന്ന് നക്‌സലിസം തുടച്ചുനീക്കിയെന്ന് പ്രധാനമന്ത്രി; അര്‍ബന്‍ നക്‌സലുകളുടെ ഭീഷണി വളരുന്നു

സര്‍ക്കാരിന്റെ ഉറച്ച നടപടികള്‍ മൂലം കാടുകളില്‍ നിന്ന് നക്സലിസം തുടച്ചുനീക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

March 7, 2025 0 By eveningkerala

ന്യൂഡൽഹി: സര്‍ക്കാരിന്റെ ഉറച്ച നടപടികള്‍ മൂലം കാടുകളില്‍ നിന്ന് നക്സലിസം തുടച്ചുനീക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ‘അര്‍ബന്‍’ നക്‌സലുകളുടെ ഭീഷണി വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ബന്‍ നക്‌സലുകള്‍ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് വേഗത്തില്‍ നുഴഞ്ഞുകയറുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. അര്‍ബന്‍ നക്‌സലുകളുടെ ശബ്ദവും ഭാഷയും ഈ പാര്‍ട്ടികളില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് അവരുടെ ആഴത്തില്‍ വേരൂന്നിയ സാന്നിധ്യമാണ് സൂചിപ്പിക്കുന്നതെന്നും മോദി വിമര്‍ശിച്ചു.

നക്സലിസം അതിന്റെ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ ദശകത്തില്‍ നൂറിലധികം ജില്ലകളെ ബാധിച്ചിരുന്നെങ്കില്‍ ഇത് 24-ല്‍ താഴെയായി കുറഞ്ഞു. മികച്ച ഭരണനിര്‍വഹണത്തിലൂടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ പാർട്ടികൾക്കുള്ളിൽ ആഖ്യാനങ്ങൾ രൂപപ്പെടുത്തുകയാണ്. അവരുടെ സ്വാധീനം ഇന്ത്യയുടെ വികസനത്തിനും പൈതൃകത്തിനും ഭീഷണിയാണ്”-അര്‍ബന്‍ നക്സലുകൾ ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു. ബൗദ്ധിക ഇടങ്ങളിലും ഇത് വേരുറപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ

സ്വാതന്ത്ര്യം ലഭിച്ച് 65 വർഷങ്ങൾക്ക് ശേഷവും, ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യയെന്നും, എന്നാൽ കഴിഞ്ഞ ദശകത്തിൽ രാജ്യം അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇപ്പോൾ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി അതിവേഗം നീങ്ങുകയാണ്. 2007-ൽ ഇന്ത്യയുടെ ജിഡിപി പ്രതിവർഷം ഒരു ട്രില്യൺ ഡോളറിലെത്തിയിരുന്നു. എന്നാൽ ഇന്ന്, ഓരോ പാദത്തിലും അതേ തുക സൃഷ്ടിക്കപ്പെടുവെന്നും, ഇത് രാജ്യത്തിന്റെ ത്വരിതഗതിയിലുള്ള വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. ഡിബിടി വഴി 42 ലക്ഷം കോടി രൂപ നേരിട്ട് ഗുണഭോക്താക്കൾക്ക് കൈമാറി. സുതാര്യത ഉറപ്പാക്കി. അഴിമതി ഇല്ലാതാക്കി. നേരത്തെ റൈഫിളുകള്‍ ഇറക്കുമതി ചെയ്തിരുന്നെങ്കില്‍, ഇപ്പോള്‍ പ്രതിരോധ ഉപകരണങ്ങൾ മുമ്പത്തേക്കാൾ 20 മടങ്ങ് കൂടുതൽ കയറ്റുമതി ചെയ്യുന്നു. സൗരോർജ്ജ ശേഷി 30 മടങ്ങ് വർധിച്ചു. കളിപ്പാട്ട കയറ്റുമതി മൂന്നിരട്ടിയായി. അടിസ്ഥാന സൗകര്യ നിക്ഷേപം അഞ്ച് മടങ്ങ് വർധിച്ചു. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. എയിംസ് സ്ഥാപനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ അഭിവൃദ്ധി പ്രാപിച്ചു. പുതിയ ബിസിനസുകള്‍ക്ക് പറ്റിയ ലോകത്തിലെ മികച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.