100 രൂപ നൽകാത്തതിന് രണ്ടു യുവതികളെ കൂട്ടബലാത്സംഗം ചെയ്തു; ഒരാളെ കൊലപ്പെടുത്തി: ഇരകളിൽ ഇസ്രയേലി വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും

100 രൂപ നൽകാത്തതിന് രണ്ടു യുവതികളെ കൂട്ടബലാത്സംഗം ചെയ്തു; ഒരാളെ കൊലപ്പെടുത്തി: ഇരകളിൽ ഇസ്രയേലി വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും

March 8, 2025 0 By eveningkerala

കർണാടകയിലെ കൊപ്പലിൽ ഇസ്രയേലി വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാൽസംഗത്തിന് ഇരയായി. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ അക്രമികൾ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തി. വ്യാഴം രാത്രിയാണ് ഇരുപത്തേഴുകാരിയെയും ഇരുപത്തൊൻപതുകാരിയായ ഹോംസ്റ്റേ ഉടമയെയും മൂന്നു പേർ ആക്രമിച്ചത്.

സഞ്ചാരികൾക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം. ഇതിലൊരാളാണ് മുങ്ങിമരിച്ച ഒ‍ഡീഷ സ്വദേശി ബിബാഷ്. സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന യുഎസ് പൗരൻ ഡാനിയൽ, മഹാരാഷ്ട്രാ സ്വദേശി പങ്കജ് എന്നിവർ നീന്തി രക്ഷപ്പെട്ടു. മുങ്ങിപ്പോയ ബിബാഷിന്റെ മൃതദേഹം ഇന്നു രാവിലെയാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി അത്താഴത്തിന‌ു ശേഷം താനും നാല് അതിഥികളും തുംഗഭദ്രയിലെ കനാൽ തീരത്ത് നക്ഷത്ര നിരീക്ഷണത്തിനായി പോയതായിരുന്നുവെന്ന് ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു. ബൈക്കിലെത്തിയ മൂന്നു പ്രതികൾ പെട്രോൾ എവിടെ കിട്ടുമെന്നു ചോദിച്ചു. തുടർന്ന് ഇസ്രയേലി യുവതിയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ തർക്കമായി. തുടർന്ന് പ്രതികൾ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. അതിനു ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.

പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. ബെംഗളൂരുവിൽനിന്ന് 350 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന കൊപ്പൽ.