കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു; ദേഹമാസകലം പൊള്ളൽ – സംഭവം ബന്ധുവീട്ടിലേക്ക് നടന്നുപോകവെ

കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു; ദേഹമാസകലം പൊള്ളൽ – സംഭവം ബന്ധുവീട്ടിലേക്ക് നടന്നുപോകവെ

March 8, 2025 0 By eveningkerala

കാസർകോഡ്: കാസർകോട്ട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയ പൊയിലിൽ കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് വയോധികന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ ഇയാളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണം സൂര്യാഘാതമേറ്റാണെന്നാണ് സ്വകാര്യ ആശുപത്രി അധികൃതരുടെ സ്ഥിരീകരണം. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനായി വയോധികനെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.

സംസ്ഥാനത്ത് ഇന്നും കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനിലാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ ഇതിൻ്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മാർച്ച് ‌8, 9 തീയതികളിൽ കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.