‘ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരിച്ചുവരും’; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അവാമി ലീഗ് നേതാവ്‌

‘ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരിച്ചുവരും’; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അവാമി ലീഗ് നേതാവ്‌

March 14, 2025 0 By eveningkerala

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന തിരിച്ചെത്തുമെന്ന് അവാമി ലീഗ് നേതാവ് റബ്ബി ആലം. ഹസീനയുടെ അടുത്ത വിശ്വസ്തനും, യുണൈറ്റഡ് സ്റ്റേറ്റ്സ് അവാമി ലീഗ് വൈസ് പ്രസിഡന്റുമാണ്‌ റബ്ബി ആലം. ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് വന്ന വഴിയെ തിരികെ മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിയില്‍ റബ്ബി ആലം ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശ് ആക്രമണത്തിന് കീഴിലാണെന്നും, അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ നല്ലതാണ്. പക്ഷേ, ബംഗ്ലാദേശില്‍ നടക്കുന്നത് തീവ്രവാദ പ്രക്ഷോഭമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയിയതിന് ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആലം നന്ദി രേഖപ്പെടുത്തി. നിരവധി ബംഗ്ലാദേശ് നേതാക്കൾക്ക് ഇന്ത്യ അഭയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ നിരവധി നേതാക്കൾ ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുന്നു. അഭയം നൽകിയതിന് ഇന്ത്യൻ സർക്കാരിനോട് വളരെ നന്ദിയുണ്ട്‌. ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷിതമായ യാത്രാ പാത ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഞാൻ നന്ദി പറയുന്നു. ഇന്ത്യയിലെ ജനങ്ങളോട് ഞങ്ങൾ നന്ദിയുള്ളവരാണ്”- ആലം പറഞ്ഞു.

മുഹമ്മദ് യൂനുസ് ബംഗ്ലാദേശിന്റേത് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി തിരിച്ചുവരുന്നതുകൊണ്ട്‌, അദ്ദേഹം വന്നിടത്തേക്ക് മടങ്ങണം എന്നും റബ്ബി ആലം പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ പുറത്താകലിലേക്ക് നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യുവതലമുറ തെറ്റ് ചെയ്തു. പക്ഷേ, അത് അവരുടെ പ്രശ്‌നമല്ലെന്നും, അവരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ബംഗ്ലാദേശ് ഉപദേഷ്ടാവ് രാജിവച്ച് വന്നിടത്തേക്ക് മടങ്ങാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. ഡോ. യൂനുസ്, നിങ്ങൾ ബംഗ്ലാദേശിൽ ഉൾപ്പെടുന്നില്ല. ബംഗ്ലാദേശ് ജനതയ്ക്ക് വേണ്ടിയുള്ള സന്ദേശമാണിത്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായി തിരിച്ചുവരുന്നു”-അദ്ദേഹം പറഞ്ഞു.