സംസ്ഥാന പോലീസിലേക്കുള്ള പ്രത്യേക നിയമനത്തിനുള്ള പരിശീലനം ഓഗസ്റ്റ് ഒന്നുമുതല്‍

July 27, 2018 0 By Editor

നിലമ്പൂര്‍: സംസ്ഥാന പോലീസിലേക്ക് ആദിവാസി യുവതീ യുവാക്കളില്‍ നിന്ന് നടത്തുന്ന പ്രത്യേക നിയമനത്തിന് തെരഞ്ഞെടുത്തവര്‍ക്കുള്ള പരിശീലനം ഓഗസ്റ്റ് ഒന്നുമുതല്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ തുടങ്ങും. ഇവരോട് 31ന് മലപ്പുറം എംഎസ്പി ക്യാന്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തില്‍ 72 പേര്‍ക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്. കണ്ണൂര്‍, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് നിയമനം.

മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ ജില്ലകളിലെ വനത്തിനുള്ളിലോ വനത്തിനോട് ചേര്‍ന്നോ ഉള്ള ആദിവാസി കോളനികളിലെ യോഗ്യതയുള്ള യുവതീയുവാക്കളെ പോലീസില്‍ നിയമിക്കണമെന്ന സംസ്ഥാന ഇന്റലിജന്‍സിന്റെ ശിപാര്‍ശയനുസരിച്ചാണ് ആഭ്യന്തരവകുപ്പ് പ്രത്യേക നിയമനം നടത്തിയത്. ജില്ലയിലെ കാളികാവ്, നിലന്പൂര്‍, അരീക്കോട് ബ്ലോക്കുകളിലുള്ള ആദിവാസികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. അതനുസരിച്ച് നടത്തിയ പരീക്ഷകളില്‍ നിന്ന് എട്ടുപേരെയാണ് തെരഞ്ഞെടുത്തത്.

പാട്ടക്കരിന്പ് കോളനിയിലെ സുരേഷ് ബാബു, ബാബു , നെടുങ്കയം കോളനിയിലെ സജിരാജ്, അപ്പന്‍കാപ്പ് കോളനിയിലെ സുധീഷ്, ചാന്ദ്‌നി , ഭൂമിക്കുത്ത് കോളനിയിലെ സന്ധ്യ, ഭൂദാനം കോളനിയിലെ അജില, ചെന്പന്‍കൊല്ലി കോളനിയിലെ സുനു എന്നിവരാണ് എട്ടുപേര്‍. ഇതില്‍ സന്ധ്യ മന്പാട് എംഇഎസ് കോളജില്‍ നിന്ന് ബിഎ ഇക്കണോമിക്‌സും അജില ചുങ്കത്തറ മാര്‍ത്തോമാ കോളജില്‍ നിന്ന് എംകോമും വിജയിച്ചവരാണ്. ഇവര്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ പിഎസ്സിഅധികൃതര്‍ നിലന്പൂരിലെത്തി അഭിമുഖം നടത്തിയാണ് അന്തിമ പട്ടിക തയാറാക്കിയത്.

മറ്റു ജില്ലകളില്‍ പരിശീലന പരിപാടികള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ 13,421 രൂപ ആദ്യഘട്ടത്തില്‍ അടയ്ക്കണം. യൂണിഫോം, മെസ്, കാന്റീന്‍ എന്നിവയിലേക്കുള്ള ചെലവിനായാണ് ഇത്. എന്നാല്‍ ആദിവാസികളില്‍ പലര്‍ക്കും ആവശ്യത്തിന് പണമില്ലാതിരുന്നത് അവരുടെ പോലീസ് സ്വപ്നങ്ങളുടെ മാറ്റ് കുറച്ചിരുന്നു. തുടര്‍ന്നാണ് റിട്ട.എസ്‌ഐയും ആദിവാസി മേഖലയില്‍ പൊതുസേവനം നടത്തുകയും ചെയ്യുന്ന എ.സദാശിവന്‍ ഇവരുടെ തുണയ്‌ക്കെത്തിയത്.

അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് എല്ലാവരും പട്ടിവര്‍ഗ ഓഫീസര്‍ക്ക് ആവശ്യത്തിന് പണമനുവദിക്കണമെന്ന് കാണിച്ച് ഓരോ നിവേദനം നല്‍കി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ നിവേദനം പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് വാക്ക് നല്‍കുകയും ചെയ്തു.