
ഭക്തരില്‍നിന്ന് ശേഖരിക്കുന്ന പണം ഇത്തരം പരിപാടികള്‍ക്കുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ ഭക്തര്‍ക്ക് അന്നദാനം നടത്തൂ ; ക്ഷേത്രത്തിലെ വിപ്ലവഗാനത്തില്‍ ഹൈക്കോടതി
March 18, 2025തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ ഗാനമേളയ്ക്കിടെ വിപ്ലവഗാനം ആലപിച്ചത് പാടില്ലായിരുന്നുവെന്ന് ഹൈക്കോടതി. ‘ഭക്തരില്‍നിന്ന് ശേഖരിക്കുന്ന പണം ഇത്തരം പരിപാടികള്‍ക്കുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ ഭക്തര്‍ക്ക് അന്നദാനം നടത്തൂ.’ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി ദേവസ്വം ബോര്‍ഡിനോട് പറഞ്ഞു.
ഇത്തരം പരിപാടികൾ കോളജുകളിലൊക്കെ ആവാം. ക്ഷേത്രങ്ങളില്‍ വേണ്ട. ഭക്തരുടെ കയ്യിൽനിന്ന് ശേഖരിക്കുന്ന പണം ഇത്തരം പരിപാടികൾക്ക് ധൂർത്തടിച്ച് കളയാൻ ഉള്ളതല്ല.’ – ഹൈക്കോടതി പറഞ്ഞു. സ്റ്റേജ്, അലങ്കാരം എന്നിവയെയും കോടതി വിമർശിച്ചു.
മാർച്ച് 10-നാണ് കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ ഗായകൻ അലോഷിയുടെ വിപ്ലവഗാനാലാപനം അരങ്ങേറിയത്. ഇത് എങ്ങനെ നടന്നുവെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ഇത് ക്ഷേത്ര ഉത്സവമാണ്. അല്ലാതെ കോളേജ് ആന്വൽ ഡേയോ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയോ അല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ക്ഷേത്ര ചടങ്ങുകളും അതോടൊപ്പം ക്ഷേത്രത്തിൽ നടത്താൻ കഴിയുന്ന മറ്റു പരിപാടികളും മാത്രമേ ക്ഷേത്രത്തിൽ നടക്കാൻ പാടുള്ളൂ. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വിപ്ലവഗാനം ആലപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങൾ എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
പരിപാടിക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ഉണ്ടായിരുന്നില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഇതേപ്പറ്റി ദേവസ്വം ചീഫ് വിജിലൻസ് ഓഫിസര്‍ അന്വേഷിക്കുന്നുണ്ട്. ക്ഷേത്രോപദേശക സമിതിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. പ്രോഗ്രാം നോട്ടീസ് നൽകിയിരുന്നില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിലായിരുന്നു വിപ്ലവഗാനാലാപനം. ഡിവൈഎഫ്ഐയുടെ പതാക പശ്ചാത്തലത്തിലൊരുക്കിയാണ് പാട്ടുപാടിയത്. സംഭവിച്ചത് ഗുരുതര തെറ്റെന്ന് ദേവസ്വം ബോര്‍ഡും നിലപാടെടുത്തിരുന്നു. നിർബന്ധിച്ച് പാടിപ്പിച്ചില്ലെന്നാണ് ഉപദേശകസമിതിയുടെ വിശദീകരണം. വിപ്ലവഗാനം പാടിയത് കാണികള്‍ ആവശ്യപ്പെട്ടതിനാലെന്നും വിവാദം ആവശ്യമില്ലെന്നുമാണ് ഗായകന്‍ ആലോഷി ആദം പ്രതികരിച്ചത്. എന്നാല്‍ ഡിവൈഎഫ്ഐയുടെ പേരും പതാകയും പശ്ചാത്തലത്തില്‍ വന്നതിന്‍റെ കാരണം അറിയില്ലെന്നും ഗായകന്‍ പറഞ്ഞിരുന്നു. സിപിഎം സംഘടനയായ വ്യാപാരി വ്യവസായി സമിതി മടത്തറ, ആല്‍ത്തറമൂട് യൂണിറ്റുകളും വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ കമ്മിറ്റിയും വഴിപാടായാണ് സംഗീത പരിപാടി നടത്തിയത്.