
മാർപാപ്പ ആശുപത്രി വിട്ടു; 2 മാസം വിശ്രമം വേണമെന്നു ഡോക്ടർമാർ
March 23, 2025വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. അദ്ദേഹം വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലേക്കു മടങ്ങും. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്നു വത്തിക്കാൻ അറിയിച്ചു. മാർപാപ്പ ആരോഗ്യനില പൂർണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ശ്വാസകോശ അണുബാധയെത്തുടർന്നു ചികിത്സയ്ക്കായി കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിലായിരുന്നു മാർപാപ്പ. ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുവേദിയിൽ മാർപാപ്പ പ്രാർഥനയ്ക്കെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്നതാണ്. ഫെബ്രുവരി 9നാണ് അവസാനം ഈ ചടങ്ങിൽ പങ്കെടുത്തത്. ഏപ്രിൽ 8ന് വത്തിക്കാനിലെ വസതിയിൽ ബ്രിട്ടനിലെ ചാൾസ് രാജാവിന് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിട്ടുണ്ട്.