പന്തളത്ത്‌ 154 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍

പന്തളത്ത്‌ 154 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം അഞ്ചുപേര്‍ പിടിയില്‍

July 31, 2022 0 By Editor

പന്തളം: ജില്ലാ പോലീസ്‌ മേധാവിക്കു കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന്‌ പന്തളത്ത്‌ വന്‍ ലഹരിമരുന്നു വേട്ട. 15 ലക്ഷം രൂപ വിലവരുന്ന 154 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം അഞ്ചുപേരെ എസ്‌.പിയുടെ ഡാന്‍സാഫ്‌ ടീം പിടികൂടി.

അടൂര്‍ പറക്കോട്‌ ഗോകുലം വീട്ടില്‍ ആര്‍. രാഹുല്‍(29), കൊല്ലം കുന്നിക്കോട്‌ അസ്‌മിന മന്‍സില്‍ ഷാഹിന(23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട്‌ ജലജവിലാസം പി. ആര്യന്‍(21), പന്തളം കുടശനാട്‌ പ്രസന്നഭവനം വിധു കൃഷ്‌ണന്‍ (20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ സജി(20) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മണികണ്‌ഠന്‍ ആല്‍ത്തറയ്‌ക്കു സമീപമുള്ള ലോഡ്‌ജില്‍നിന്ന്‌ ഇന്നലെ ഉച്ചയ്‌ക്കു ശേഷമാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌.

ഇവരുടെ സംഘം ജില്ലയില്‍ വ്യാപകമായി എം.ഡി.എം.എ. വിപണനം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്‌ ഇവര്‍ ഡാന്‍സാഫ്‌ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കിയശേഷം ലോഡ്‌ജ്‌ വളഞ്ഞ്‌ പോലീസ്‌ ഇവരെ കീഴടക്കുകയായിരുന്നു. ഒരാളുടെ കൈയില്‍നിന്നു നാലു ഗ്രാം മയക്കുമരുന്ന്‌ പിടിച്ചെടുത്തു.

ബാക്കിയുള്ളത്‌ ബാഗിലും മറ്റുമായിരുന്നു. അടൂര്‍ തഹസീല്‍ദാര്‍, എക്‌സൈസ്‌ സംഘം എന്നിവര്‍ സ്‌ഥലത്തെത്തി ഇത്‌ എംഡി.എം.എയാണെന്നു സ്‌ഥിരീകരിച്ചു. തിരുവനന്തപുരം റേഞ്ചിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്‌. പ്രതികളില്‍നിന്ന്‌ ഒന്‍പതു മൊബൈല്‍ ഫോണുകളും രണ്ട്‌ ആഡംബര കാറുകളും ഒരു ബൈക്കും പെന്‍ ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്‌്.

ജില്ലാ നര്‍ക്കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പിയും ഡാന്‍സാഫ്‌ ജില്ലാ നോഡല്‍ ഓഫീസറുമായ കെ.എ.വിദ്യാധരന്റെ നേതൃത്വത്തില്‍ എസ്‌.ഐ. അജി സാമുവല്‍, എ.എസ്‌.ഐ. അജികുമാര്‍, സി.പി.ഒമാരായ മിഥുന്‍ ജോസ്‌, ശ്രീരാജ്‌, അഖില്‍, ബിനു, സുജിത്‌ എന്നിവര്‍ റെയ്‌ഡില്‍ പങ്കെടുത്തു.