കൂളിമാട് പാലത്തിലെ ബീമുകൾ തകർന്ന സംഭവം ; നിർമാണത്തിൽ അപാകതയെന്ന് സംശയം; വീണ്ടും പരിശോധന നടത്തുമെന്ന് വിജിലൻസ് സംഘം

കൂളിമാട് പാലത്തിലെ ബീമുകൾ തകർന്ന സംഭവം ; നിർമാണത്തിൽ അപാകതയെന്ന് സംശയം; വീണ്ടും പരിശോധന നടത്തുമെന്ന് വിജിലൻസ് സംഘം

May 18, 2022 0 By Editor

കോഴിക്കോട് : നിർമ്മാണത്തിലിരിക്കെ ബീം തകർന്ന് വീണ കൂളിമാട് പാലത്തിൽ പിഡബ്യൂഡി വിജിലൻസ് വിഭാഗം പരിശോധന നടത്തി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം അൻസാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇപ്പോൾ നടത്തിയത് പ്രാഥമിക പരിശോധന മാത്രമാണെന്നും വിശദമായ പരിശോധന ഇനിയും നടത്തണമെന്നും വിദഗ്ധ സംഘം അറിയിച്ചു.

ഒരു ബീം പൂർണ്ണമായും, രണ്ടെണ്ണം ഭാഗികമായും തകർന്നതായി പരിശോധനയിൽ കണ്ടെത്തി. ഇത് പൂർണ്ണമായും മാറ്റി സ്ഥാപിക്കണം. ഈ അപകടത്തിനിടെ മറ്റ് ബീമുകൾക്ക് എന്തെങ്കിലും കേട് പാടുകൾ സംഭവിച്ചോ എന്നും പരിശോധിക്കണം. ഇതിനായി ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കും. കരാർ കമ്പനിയിൽ നിന്ന് റിപ്പോർട്ട് തേടും. മണ്ണ് പരിശോധനയുടെ ആവശ്യമില്ലെന്നാണ് വിജിലൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസമാണ് ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീം പുഴയിലേക്ക് തകർന്ന് വീണത്. പാലത്തിന്റെ തൂണിൽ ബീം ഘടിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. 2019 ലാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. പ്രളയം കാരണം നിർമ്മാണം തടസ്സപ്പെട്ടു. പിന്നീട് എസ്റ്റിമേറ്റ് പുതുക്കി നൽകിയാണ് നിർമ്മാണം ആരംഭിച്ചത്.

ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറ് കൊണ്ടാണ് ബീം തകർന്നുവീണതെന്നാണ് നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. അഴിമതിയുടെ പ്രത്യക്ഷ ഉദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്