വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് പിഴയിട്ട് പൊലീസ്; 2000 വാങ്ങി നല്‍കിയത് 500 രൂപയുടെ രസീത്

വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് പിഴയിട്ട് പൊലീസ്; 2000 വാങ്ങി നല്‍കിയത് 500 രൂപയുടെ രസീത്

August 9, 2021 0 By Editor

തിരുവനന്തപുരം: വീടിനടുത്തുള്ള ക്ഷേത്രത്തിലേക്ക് ബലി തര്‍പ്പണത്തിനായി പുറപ്പെട്ട അമ്മയ്ക്കും മകനും പിഴ ചുമത്തി പൊലീസ്. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിവസം അനാവശ്യമായി പുറത്തിറക്കിയതിനാണ് പിഴ ചുമത്തിയത്. എന്നാല്‍ യാത്രയുടെ ഒരു കാര്യവും ചോദിക്കാതെയാണ് പൊലീസ് പിഴ ചുമത്തിയതെന്ന് കുടുംബം ആരോപിച്ചു.

ഇവരുടെ പക്കല്‍ നിന്നും 2000 രൂപ വാങ്ങിയതിന് ശേഷം 500 രൂപയുടെ രസീതാണ് പൊലീസ് നല്‍കിയത്. എഴുതിയതിലെ പിഴവാണ് ഇതെന്നാണ് പൊലീസിന്റെ വിശദീകരണം. ശ്രീകാര്യം പൊലീസാണ് നടപടിയെടുത്തത്. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ വെഞ്ചാവോട് സ്വദേശി നവീന്‍ രംഗത്തെത്തിയിട്ടുണ്ട്.

19 കാരനായ നവീനും അമ്മയും സഞ്ചരിച്ച കാറാണ് പൊലീസുദ്യോഗസ്ഥര്‍ തടഞ്ഞ് പിഴയീടാക്കിയത്. കാറ് സ്റ്റേഷനിലെത്തിച്ച് പിഴയീടാക്കിയ ശേഷമാണ് തങ്ങളെ വിട്ടയച്ചതെന്ന് നവീന്‍ പറയുന്നു. യാത്രയുടെ വിവരം പൊലീസ് ചോദിച്ചില്ല. മടങ്ങിപ്പോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും നവീന്‍ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോടാണ് വിവരം പങ്കുവെച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ നെടുങ്കണ്ടത്ത് ക്ഷേത്ര ദര്‍ശനത്തിനായി പോയ മറ്റൊരു കുടുംബത്തിനെതിരെയും തപൊലീസ് പിഴ ചുമത്തിയിരുന്നു. ലോക്ഡൗണ്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് കാറില്‍ യാത്ര ചെയ്ത കുടുംബത്തിന് 17500 രൂപയാണ് പൊലീസ് പിഴയിട്ടത്. നെടുങ്കണ്ടത്തേക്ക് യാത്ര ചെയ്ത കൊക്കയാര്‍ കൊടികുത്തി എസ്റ്റേറ്റിലെ തൊഴിലാളിയായ മാന്തറയില്‍ മോഹനനും കുടുംബത്തിനുമാണ് പൊലീസ് പിഴ ഈടാക്കിയത്. ആളൊന്നിന് 3500 രൂപ വീതം 17500 രൂപയാണ് അടക്കേണ്ടി വരിക.

യാത്രക്കിടയില്‍ വളഞ്ഞങ്ങാനത്ത് വെച്ചാണ് പെരുവന്താനം സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയും സംഘവും മോഹനനും കുടുംബവും സഞ്ചരിച്ച കാര്‍ പരിശോധിക്കുകയായിരുന്നു. സത്യവാങ്മൂലം കാണിക്കുകയും ക്ഷേത്രത്തില്‍ പോവുകയാണെന്ന് അറിയിക്കുകയും ചെയ്തു. തിരിച്ചു വരുമ്പോള്‍ ആശുപത്രിയിലും കയറണം എന്നതിനാലാണ് കാറില്‍ ലോക്ഡൗണ്‍ ദിവസത്തെ യാത്ര എന്ന് പൊലീസിനോട് പറയുകയും ചെയ്തുവെന്ന് മോഹനന്‍ പറഞ്ഞു. കേസെടുക്കില്ലെന്നാണ് പൊലീസ് പറഞ്ഞത്. വിലാസം എഴുതിയെടുത്ത് വിട്ടയക്കുകയായിരുന്നുവെന്ന് മോഹനന്‍ പറഞ്ഞു. പിന്നീട് കേസെടുത്തെന്ന് വിവരം ലഭിച്ചപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ അന്വേഷിക്കുകയായിരുന്നു. അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും 3500 രൂപ വീതം അടക്കണമെന്നും പറയുകയായിരുന്നു.