വേനല്‍ ചൂട്: 10 ദിവസത്തിനിടെ പലയിടങ്ങളിലായി വന്‍ അഗ്നിബാധകള്‍: നാസയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും അഗ്‌നിബാധകളുണ്ടായതായി തെളിയിക്കുന്ന ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും അഗ്‌നിബാധയുണ്ടായതായാണ് ചിത്രം പറയുന്നത്. വേനല്‍ക്കാലത്തുണ്ടായ വന്‍തോതിലുള്ള ഈ അഗ്‌നിബാധ ചൂട് ക്രമാതീതമായി ഉയരുന്നതിനും അന്തരീക്ഷമലിനീകരണം വര്‍ധിപ്പിക്കുന്ന ബ്ലാക്ക് കാര്‍ബണ്‍ ഉല്പാദനം ത്വരിതഗതിയിലാക്കുന്നതിനും കാരണമായിട്ടുണ്ട്.
നാസ പുറത്തുവിട്ട ചിത്രത്തില്‍ ചുവപ്പ് നിറത്തിലാണ് അഗ്‌നിബാധിതപ്രദേശങ്ങളെ അടയാളപ്പെടുത്തിയിരിക്കുന്നത്. വനമേഖലകളെ അപേക്ഷിച്ച് കൃഷിയിടങ്ങളിലാണ് കൂടുതല്‍ അഗ്‌നിബാധയുണ്ടായിട്ടുള്ളതെന്നാണ് നാസയിലെ ഗവേഷകര്‍ പറയുന്നത്. ഉത്തരേന്ത്യയില്‍ കൃഷിയിടങ്ങളില്‍ തീ പടര്‍ന്നുപിടിക്കുന്നത് കുറച്ചുകാലങ്ങളായി വര്‍ധിച്ചുവരികയാണെന്നും ഗവേഷകര്‍ പറയുന്നു.
അരി,ഗോതമ്പ് ഉല്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് കൃഷിയിടങ്ങള്‍ക്ക് തീ പിടിച്ചതായി ചിത്രത്തില്‍ കാണുന്നത്. കൊയ്ത്ത് യന്ത്രം ഉപയോഗിക്കുന്നത് വ്യാപകമായതോടെയാണ് കൃഷിയിടങ്ങളില്‍ തീ പടരുന്നതായി റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ വരുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ലെന്നും നാസ അഭിപ്രായപ്പെട്ടു.