ദയാവധത്തിനായി ഡേവിഡ് ഗൂഡാള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് നാട് വിട്ട് പോകുന്നു

May 3, 2018 0 By Editor

സിഡ്‌നി: ദയാവധത്തിനായി നാട് വിട്ട് പോകാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാള്‍. സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ഡേവിഡിന് 104 വയസ്സായി. ദയാവധം ഓസ്‌ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാലാണ് ഗൂഡാള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുന്നത്.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസല്‍ ലൈഫ് സര്‍ക്കിള്‍ ക്ലിനിക്കിനെയാണ് ദയാവധത്തിനു വേണ്ടി ഗൂഡാള്‍സമീപിച്ചിരിക്കുന്നത്. ഗൂഡാള്‍ ഇന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് യാത്ര തിരിക്കും. ദയാവധ അനുകൂല സംഘടനയായ എക്‌സിറ്റ് ഇന്റര്‍നാഷണലില്‍ നിന്നുള്ള ഒരു നഴ്‌സുംഗൂഡാളിനൊപ്പംയാത്രയിലുണ്ടായിരിക്കും.യാത്രയ്ക്ക് മുന്നോടിയായി ഗൂഡാള്‍ ബന്ധുക്കളോടെല്ലാം യാത്ര പറഞ്ഞു.

20 വര്‍ഷമായി എക്‌സിറ്റ് ഇന്റര്‍നാഷണലിലെ അംഗമാണ് ഗൂഡാള്‍. ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് സഹായിക്കണമെന്ന വാദത്തെ പിന്തുണയ്ക്കുന്നയാളുമാണ് ഇദ്ദേഹം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് ഗൂഡാള്‍ താമസിച്ചിരുന്നത്.

‘ഇത്ര പ്രായം വരെ ജീവിച്ചതില്‍ വലിയ ദുഃഖമുണ്ട്. താന്‍ സന്തോഷവാനല്ലെന്നും മരിക്കാന്‍ ആഗ്രഹിക്കുന്നെന്നും നൂറ്റിനാലാം പിറന്നാള്‍ ദിനത്തില്‍ ഗൂഡാള്‍ വ്യക്തമാക്കിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ ഒരു കാര്യം ആഗ്രഹിക്കാമെങ്കില്‍, അത് മരിക്കണം എന്നതാണെന്ന് അന്ന് ഗൂഡാള്‍ പറഞ്ഞതായി എ ബി സി റിപ്പോര്‍ട്ട് ചെയ്തു. 1914 ഏപ്രിലില്‍ ലണ്ടനിലാണ് ഗൂഡാള്‍ ജനിച്ചത്. യു കെ, യു എസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനം വഹിച്ചിട്ടുണ്ട്.