
കാരശേരി ബാങ്കിന്റെ വാഹനത്തിന് കൈകാണിച്ചു; പ്രതീക്ഷയുടെ കൈ തട്ടിമാറ്റാതെ ബാങ്ക് ചെയര്‍മാന്‍
November 19, 2020കോഴിക്കോട് : സുരക്ഷിതമായി തലചായ്‌ക്കാന്‍ അടച്ചുറപ്പുള്ളൊരു വീടും കിണറും വൈദ്യുതിയും വീട്ടിലേക്കെത്താന്‍ നല്ലൊരു വഴിപോലുമില്ലെങ്കിലും രണ്ടാം ക്ലാസുകാരനായ ബദ്രീനാഥിന്റെ സ്വപ്‌നം തന്റെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഒരു ഫോണായിരുന്നു.
കാരശേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ നാഗേരിക്കുന്നത്ത് ബബീഷിന്റെയും ലീനയുടെയും രണ്ടുമക്കളില്‍ മൂത്തവനായ ബദ്രീനാഥിന് കുടുംബത്തിന്റെ ദാരിദ്ര്യത്തിനിടയില്‍ ഒരു സ്‌മാര്‍ട്ട് ഫോണ്‍ സ്വപ്‌നങ്ങള്‍ക്കും അപ്പുറത്തായിരുന്നു. പക്ഷെ പഠിക്കാനുള്ള ആഗ്രഹം അത്രമേല്‍ കടുത്തു പോയതിനാലായിരിക്കണം വീടിനടുത്തു കൂടി കടന്നുപോയ കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കാര്‍ കണ്ടപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ അവന്‍ കൈ കാണിച്ചു നിര്‍ത്തിയത്. കഴിഞ്ഞ ദിവസം അന്തരിച്ച കാരശ്ശേരിയിലെ ഗംഗാധരന്‍ മാസ്‌റ്ററുടെ വീട്ടില്‍ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന കാരശേരി ബാങ്ക് ചെയര്‍മാന്‍ എന്‍.കെ അബ്‌ദുറഹിമാനായിരുന്നു കാറിനുള്ളില്‍.വിവരം തിരക്കിയപ്പോള്‍ സങ്കോചമൊട്ടുമില്ലാതെ അവന്‍ ആവശ്യമറിയിച്ചു. പിന്നെ താമസമുണ്ടായില്ല. ദിവസങ്ങള്‍ക്കകം തന്നെ സ്‌മാര്‍ട്ട് ഫോണുമായി ബദ്രീനാഥിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ ഇടവഴി താണ്ടി എന്‍.കെ അബ്‌ദുറഹിമാന്‍ എത്തി.വീട്ടുകാരുടെ സാന്നിധ്യത്തില്‍ ബദ്രീനാഥിന് സമ്മാനിക്കുകയും ചെയ്‌തു. ഇവരുടെ വീടിന്റെ ശോച്യാവസ്‌ഥ നേരില്‍കണ്ട എന്‍.കെ അബ്‌ദുറഹിമാന്‍ ബദ്രീനാഥിന്റെ അമ്മയോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. തെരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്തുമായി ഇവരുടെ വീട് നിര്‍മാണത്തെ കുറിച്ച് സംസാരിക്കുമെന്നും പഞ്ചായത്തു വീടു നിര്‍മിച്ചു നല്‍കിയില്ലെങ്കില്‍ ബാങ്ക് വീട് നിര്‍മാണം ഏറ്റെടുക്കുമെന്നും എന്‍.കെ അബ്‌ദുറഹിമാന്‍ പറഞ്ഞു.