ഇന്ധന വില കുറയ്ക്കാൻ ഫ്ലക്സ് ഫ്യുവൽ ഇന്ധനങ്ങൾ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

ഇന്ധന വില കുറയ്ക്കാൻ ഫ്ലക്സ് ഫ്യുവൽ ഇന്ധനങ്ങൾ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

August 6, 2021 0 By Editor

ന്യൂഡൽഹി: ഫ്ലക്സ് ഫ്യുവൽ ഇന്ധനങ്ങൾ അവതരിപ്പിച്ച് ഇന്ധനവില 40 ശതമാനം കുറയ്ക്കാനുള്ള ഇടപെടലുമായി കേന്ദ്ര സർക്കാർ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചറേഴ്‌സിനോടും (എസ് ഐ എ എം) ഓട്ടോമൊബൈൽ കമ്പനികളുടെ സി ഇ ഓമാരോടും ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകൾ നിർമിക്കാൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ആവശ്യപ്പെട്ടു.

ഈ വർഷം മാർച്ചിൽ സ്റ്റാൻഡ് എലോൺ ഇന്ധനമായി എഥനോൾ ഉപയോഗിക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു. എഥനോൾ ഒരു ജൈവ ഇന്ധനമാണ്. എന്നാൽ, ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകളിൽ വിവിധ അനുപാതങ്ങളിലായി പെട്രോളും എഥനോളും ഉപയോഗിക്കാനുള്ള ഓപ്‌ഷൻ ലഭിക്കും. വിവിധ ഇന്ധനങ്ങളുടെ അനുപാതം എത്രയാണെന്ന് തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക് ആയി വാഹനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കുകയും ചെയ്യും.

അതോടൊപ്പം കാറുകളിൽ ആറ് എയർബാഗുകൾ ഉൾക്കൊള്ളിക്കാൻ ഗഡ്‌കരി കാർ നിർമ്മാതാക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ കാറുകളിൽ രണ്ട് എയർബാഗുകൾ മാത്രമാണ് ഉള്ളത്. കാറിന്റെ വിലയോ മോഡലോ ഒന്നും എയർബാഗ് സജ്ജീകരിക്കുന്ന കാര്യത്തിൽ മാനദണ്ഡമാക്കരുതെന്നും കേന്ദ്രമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡപകടങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്താൻ ഈ സംവിധാനം അനിവാര്യമാണ്.