വാഹന രജിസ്‌ട്രേഷന് പുതിയ സംവിധാനവുമായി കേന്ദ്രം

വാഹന രജിസ്‌ട്രേഷന് പുതിയ സംവിധാനവുമായി കേന്ദ്രം

August 28, 2021 0 By Editor

ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ എളുപ്പമാക്കാന്‍ പുതിയ രജിസ്‌ട്രേഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ വാഹനങ്ങള്‍ക്ക് ഭാരത് സീരീസ് അല്ലെങ്കില്‍ ബിഎച്ച്‌-സീരീസ് എന്ന പേരിലാണ് പുതിയ രജിസ്‌ട്രേഷന്‍. പുതിയ പദ്ധതി എല്ലാവര്‍ക്കും ബാധകമല്ല. പുതിയ വിജ്ഞാപനപ്രകാരം ഭാരത് സീരീസില്‍ നിങ്ങളുടെ വാഹനം സ്വമേധയാ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാര്‍ / സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിജപ്പെടുത്തിയിട്ടുണ്ട്. നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യമേഖല കമ്പനികളിലെ ജീവനക്കാര്‍ക്കേ സൗകര്യം ലഭ്യമാകൂ.മറ്റുള്ളവര്‍ക്ക് നിലവില്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന രജിസ്‌ട്രേഷന്‍ തന്നെയാകും തുടരുക.

ഭാരത് സീരിസില്‍ ഒരു വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയാലും വാഹന ഉടമയ്ക്ക് പുതിയ രജിസ്ട്രേഷന്‍ ചെയ്യേണ്ടി വരില്ല. സെപ്റ്റംബര്‍ 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ആണ് പുതിയ രജിസ്ട്രേഷന്‍ ആരംഭിക്കുക. ജോലിയുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്കും ജീവനക്കാരേയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. സംസ്ഥാനങ്ങള്‍ മാറി ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് തന്റെ വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോവുകയാണെങ്കില്‍, അയാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യണം. പുതിയ വിജ്ഞാപനം അനുസരിച്ച്‌, പുതിതായി വാങ്ങുന്ന വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഭാരത് സീരിസില്‍ നടത്തിയാല്‍ ഇത് ഒഴിവാക്കാനാകും.