ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ പതിച്ചു; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം

ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ പതിച്ചു; അബദ്ധത്തില്‍ സംഭവിച്ചതെന്ന് വിശദീകരണം

March 11, 2022 0 By Editor

ന്യൂഡല്‍ഹി: ഇന്ത്യന്‍ മിസൈല്‍ പാകിസ്താന്റെ ഭൂപ്രദേശത്ത് വീണെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. അബദ്ധത്തില്‍ സംഭവിച്ച വലിയ പിഴവാണിത്. ഖേദകരമായ സംഭവമെന്ന് വിശദീകരിച്ച ഇന്ത്യ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു.

ഹരിയാനയിലെ സിര്‍സ വ്യോമതാവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്താന്റെ ഭൂപ്രദേശമായ മിയ ചന്നുവിനടുത്ത് പതിച്ചുവെന്നാണ് ഇന്നലെ പാകിസ്താന്‍ ആരോപിച്ചത്. ആളപായം ഉണ്ടായില്ല, പ്രദേശത്തെ ഒരു മതില് തകര്‍ന്നുവെന്നും പാകിസ്താന്‍ വ്യക്തമാക്കി. വിഷയം പരിശോധിച്ച ഇന്ത്യ സ്ഥിരീകരിക്കുകയും അതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

മാര്‍ച്ച് ഒന്‍പതിന് പതിവ് പരിശോധനയ്ക്കിടെ സംഭവിച്ച വലിയ പിഴവില്‍ മിസൈല്‍ പറന്നുയര്‍ന്നു. ഈ മിസൈല്‍ പാകിസ്താന്റെ ഭൂപ്രദേശത്ത് പതിച്ചു. ഈ സംഭവം ഏറെ ദുഃഖകരമാണ്. ആളപായം ഉണ്ടായില്ല എന്നത് ആശ്വാസവുമായി. സംഭവത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവത്തിലാണ് സമീപിക്കുന്നത്. ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2005ലെ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തുമ്പോള്‍ മൂന്ന് ദിവസം മുന്‍പ് പരസ്പരം അറിയിക്കണം. ഇതിന്റെ ലംഘനമാണ് ഇന്ത്യ നടത്തിയത് എന്ന് പാകിസ്താന്‍ ആരോപിക്കുന്നു.