ദ്രൗപദി മുര്‍മ്മുവിന് വോട്ട് നല്‍കിയ ആ ഒരാൾ ആര് ? ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ട്: കെ സുരേന്ദ്രന്‍
ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്റെ അഭിനന്ദനം അറിയിച്ചത്. കേരളത്തില്‍ നിന്ന് ദ്രൗപദി മുര്‍മുവിന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. ഈ ഒരു വോട്ടിന് മറ്റ് നൂറ്റിമുപ്പത്തൊമ്പതിനേക്കാള്‍ മൂല്യമുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം
ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടായിരുന്നു കേരളത്തില്‍ നിന്ന് മുര്‍മുവിന് ലഭിച്ചതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ‘കേരളത്തില്‍ നിന്ന് ശ്രീമതി ദ്രൗപതി മുര്‍മ്മുവിന് ലഭിച്ച ഒരു വോട്ടിന് നൂറ്റിമുപ്പത്തൊമ്പതിനേക്കാള്‍ മൂല്യമുണ്ട്. ഇടതുവലതുമുന്നണികളുടെ നിഷേധാത്മക നിലപാടുകള്‍ക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ട്’. ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ നിന്നുള്ള 140 എംഎല്‍എമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. ദ്രൗപദി മുര്‍മ്മുവിന് വോട്ട് നല്‍കിയത് ആരാണെന്ന് വ്യക്തമല്ല.